മുംബൈ : രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്ഥാപനങ്ങളിൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മുൻപിൽ. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പിഎം കെയേഴ്സ് ഫണ്ടിലേക്കും മറ്റ് സംഘടനകളുടെ ഫണ്ടുകളിലേക്കുമായി ഇതുവരെ 556 കോടി രൂപയാണ് റിലയൻസ് ഫൗണ്ടേഷൻ സംഭാവന നൽകിയതെന്ന് ഇൻഡോ-ഏഷ്യൻ ന്യൂസ് സർവ്വീസ് റിപ്പോർട്ടിൽ പറയുന്നു.
ജാംനഗറിലും, മുംബൈയിലും കൊറോണ രോഗികളുടെ ചികിത്സയ്ക്കായി 1,875 കിടക്കകളുള്ള കൊറോണ കെയർ സെന്ററാണ് ആരംഭിച്ചത്. 100 കിടക്കകളുള്ള കൊറോണ ചികിത്സാ കേന്ദ്രം 2020 ഏപ്രിലിൽ തന്നെ റിലയൻസ് ഗ്രൂപ്പ് സെവൻ ഹിൽസിൽ ആരംഭിച്ചിരുന്നു. മുംബൈ, സൂററ്റ്, ലോധിവാലി, എന്നീ സ്ഥലങ്ങളിൽ കൊറോണ നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മുംബൈയിലെ ഹിന്ദു ഹൃദയ സമൃദ്ധ് ബാലസാഹേബ് താക്കറെ ട്രോമ കെയർ ഹോസ്പിറ്റലിൽ റിലയൻസ് ഫൗണ്ടേഷൻ 10 ബെഡ് ഡയാലിസിസ് സെന്ററും സ്ഥാപിച്ചു.
കൂടാതെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള ജാംനഗർ ഓയിൽ റിഫൈനറിയിൽ ഓക്സിജൻ ഉൽപാദനം വർധിപ്പിച്ചു. കൊറോണ ബാധിത സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാനാണ് പ്രതിദിന ഓക്സിജൻ ഉൽപാദനം 700 ടണ്ണിലധികമായി റിലയൻസ് വർധിപ്പിച്ചത്. ഗുജറാത്തിലെ ജാംനഗർ റിഫൈനറികളിൽ നേരത്തെ 100 ടൺ മെഡിക്കൽ ഗ്രേഡ് ഓക്സിജനാണ് ഉൽപാദിപ്പിച്ചത് . ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ 70,000 ത്തോളം രോഗികൾക്ക് ഇത് ആശ്വാസമായി മാറി.
പ്രതിദിനം ഒരു ലക്ഷം പിപിഇ കിറ്റുകളും മാസ്കുകളും നിർമ്മിക്കാൻ ആരംഭിച്ചു . ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ച് റിലയൻസ് ഫൗണ്ടേഷൻ രാജ്യത്തെ ആദ്യത്തെ കൊറോണ ആശുപത്രി മുംബൈയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 100 കിടക്കകളുള്ള ആശുപത്രി വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 250 കിടക്കകൾ ഒരുക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ലോധിവാലിയിൽ റിലയൻസ് സമ്പൂർണ്ണ ഇൻസുലേഷൻ സൗകര്യം ഒരുക്കി ജില്ലാ അധികൃതർക്ക് കൈമാറുകയും ചെയ്തു. കൂടാതെ, മുംബൈയിലെ സ്പാൻഡൻ ഹോളിസ്റ്റിക് മദർ-ചൈൽഡ് കെയർ ഹോസ്പിറ്റലിൽ ക്വാറന്റൈൻ കേന്ദ്രം ഒരുക്കുകയും ചെയ്തു.
Post Your Comments