കണ്ണൂര്‍; കോവിഡ് കാലത്തും കേന്ദ്രത്തെ വിമര്‍ശിച്ച് സി.പി.എം നേതാവ് എം.ജയരാജന്‍. കൊവിഡ് വാക്സിനും മരുന്നിനും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ക്കും ജി.എസ്.ടി ഒഴിവാക്കാതെയും ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എം.വി ജയരാജന്‍ ആരോപിച്ചു. വില നിയന്ത്രിക്കാനാണ് 12 ശതമാനം ജി.എസ്.ടി പിന്‍വലിക്കാത്തത് എന്ന കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
Read Also : നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവി വലിയ തിരിച്ചടിയായി; കെ.സി.വേണുഗോപാൽ
ജി.എസ്.ടി. ഒഴിവാക്കിയാലുള്ള തുക എത്രയാണോ അത് ഔഷധവില നിയന്ത്രണ ചട്ടപ്രകാരം ഔഷധവിലയായി കേന്ദ്രസര്‍ക്കാറിന് പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്. കേരളത്തില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരം അമിതമായി ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാക്സിന്റെ കാര്യത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചത് അത്തരമൊരു നടപടിയാണ്. എന്നാല്‍ സര്‍ക്കാറിന് വിവേചനാധികാരം ഉള്ള വിഷയങ്ങളില്‍ സുപ്രീംകോടതി ഇടപെടേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
വില നിയന്ത്രണം ഏര്‍പ്പെടുത്താത്തതും വാക്സിന്‍ സൗജന്യം എടുത്തുകളഞ്ഞതും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ഗുജറാത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പട്ടീല്‍ 5000 ഡോസ് റെംഡിസിവിര്‍ നിയമവിരുദ്ധമായി കൈവശം വെച്ചു. മാധ്യമങ്ങളാണ് അക്കാര്യം പുറത്തുവിട്ടത്. റെംഡിസിവിര്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ്. കടുത്ത ക്ഷാമമുള്ള ഈ മരുന്ന് ഒരാളുടെ കൈവശം 6 ഡോസില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ല.ഇന്ധന വില പ്രതിദിനം വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്ബനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്നതുപോലെ ഔഷധകോര്‍പ്പറേറ്റുകള്‍ക്കും ജനങ്ങളെ കൊള്ളചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു.
Post Your Comments