മോസ്‌കോ: റഷ്യൻ പ്രതിപക്ഷ നേതാവും വ്ളാഡിമിർ പുടിന്റെ മുഖ്യ വിമർശനകനുമായ അലക്സി നവാൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ല. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അലക്‌സി നവാൽനിയെ ചികിത്സിച്ച അലക്സാണ്ടർ മുറഖോവ്സ്‌കി എന്ന സൈബീരിയൻ ഡോക്ടറെയാണ് കാണാതായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച്ചയാണ് അദ്ദേഹത്തെ കാണാതാകുന്നത്. സ്വന്തം വാഹനത്തിൽ കാട്ടിൽ വേട്ടയാടാൻ പോയ അദ്ദേഹത്തെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. മോസ്‌കോയിൽ നിന്ന് 2,200 കിലോമീറ്റർ അകലെയുള്ള ഓംസ്‌ക് മേഖലയിലെ പോലീസാണ് അദ്ദേഹത്തെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഹെലികോപ്ടറും ഡ്രോണുകളും ഉപയോഗിച്ചാണ് അദ്ദേഹത്തിനായുള്ള തെരച്ചിൽ പുരോഗമിക്കുന്നത്.
സൈബീരിയയിൽ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ചാണ് അലക്സി നവാൽനി കുഴഞ്ഞുവീണത്. ഇതോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ഓംസ്‌കിലെ ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിൽ നവാൽനിയെ ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തിന്റെ തലവനായിരുന്നു കാണാതായ അലക്‌സാണ്ടർ മുറഖോവ്സ്‌കി. ആദ്യം നവോൽനിയെ അലക്സാണ്ടറുടെ നേതൃത്വത്തിൽ ചികിത്സിച്ചിരുന്നുവെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ജർമ്മനിയിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments