അങ്കാറ: ഫലസ്തീനികള്ക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഇസ്രായേലിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്രയേല്‍ ഭീകരരാഷ്ട്രമാണ്. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വരണം -ഇസ്താംബൂളിലെ പൊതു പരിപാടിയില്‍ വെച്ച് ഉര്‍ദുഖാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ മൗനം പാലിക്കുന്നവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ക്രൂരരായ ഇസ്രായേല്‍ ഫലസ്തീന്‍ ജനതക്ക് മേല്‍ അക്രമം അഴിച്ചുവിടുകയാണ്. വിഷയത്തില്‍ അടിയന്തര നടപടികളുണ്ടാകണമെന്ന് യു.എന്നിനോടും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷനോടും തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉര്‍ദുഖാന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസവും മസ്ജിദുല്‍ അഖ്സയില്‍ ഫലസ്തീനികള്‍ക്കുനേരെ ഇസ്രായേല്‍ അതിക്രമമുണ്ടായി. റമദാനിലെ 27ാം രാത്രിയില്‍ പള്ളിയില്‍ തടിച്ചുകൂടിയവര്‍ക്കു നേരെയുണ്ടായ പോലീസ് ആക്രമണങ്ങളില്‍ 60ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.
Read Also: ഇസ്ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?
എന്നാൽ മസ്ജിദുല്‍ അഖ്സ സ്ഥിതി ചെയ്യുന്ന ജറൂസലം പഴയ പട്ടണം ഉപരോധിച്ച് പൊലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ സുരക്ഷാസേന ജല പീരങ്കിയും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. 64 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്‍റ് അറിയിച്ചു. ഒരു ഓഫീസര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ പൊലീസും അറിയിച്ചു. കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്സയില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സേന നടത്തിയ അതിക്രമങ്ങളില്‍ 200ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. കിഴക്കന്‍ ജറൂസലം സമ്പൂര്‍ണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്തീനി താമസക്കാരെ കുടിയിറക്കുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാക്കിയത്.
Post Your Comments