തിരൂർ :∙ ആളൊഴിഞ്ഞ നഗരം കാണാൻ ബൈക്കുമായി കറങ്ങിയവരെ പൊക്കി പൊലീസ്. മുടന്തൻ ന്യായങ്ങൾ നിരത്തിയായിരുന്നു യാത്ര. ഇവരുടെ ബൈക്കുകളെല്ലാം സ്റ്റേഷൻ വളപ്പിൽ വിശ്രമിക്കുകയാണിപ്പോൾ. താഴേപ്പാലത്ത് ബൈക്കിൽ എത്തിയ യുവാവിനോട് വിശദീകരണം ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഓൺലൈൻ ക്ലാസെടുക്കാൻ പോകുകയാണ് എന്നാണ്. വീട്ടിലിരുന്നല്ലേ ഓൺലൈൻ ക്ലാസെടുക്കേണ്ടതെന്ന മറുചോദ്യത്തിൽ കള്ളം പൊളിഞ്ഞു.
പെട്ടെന്ന് പൊലീസിനെ മുന്നിൽ കണ്ട് വിറച്ച യുവാവിന് നല്ലൊരു കള്ളം പറയാൻ പോലും പറ്റാതെ പോയതായിരുന്നു. പയ്യനങ്ങാടിയിലെ പരിശോധനയ്ക്കിടെയാണ് പൊലീസിന്റെ മുന്നിൽ ഒരു ഫ്രീക്കൻ വന്നു പെട്ടത്. വരുന്നത് കിലോമീറ്ററുകൾക്കപ്പുറം താനാളൂരിൽ നിന്ന്. കാരണം ചോദിച്ചപ്പോൾ തക്കാളി വാങ്ങാനെന്നു മറുപടി. ഫ്രീക്കന്റെ ബൈക്ക് ഉടൻ പൊലീസ് സ്റ്റേഷനിലെത്തി.
ഇവിടെ തന്നെ പുട്ടുപൊടി വാങ്ങാൻ വന്ന യുവാവിന്റെ ബൈക്കും സ്റ്റേഷൻ വളപ്പിൽ എത്തിയിട്ടുണ്ട്. ബർമൂഡയും ധരിച്ചെത്തിയ ഫ്രീക്കനെ പൊലീസ് ചോദ്യം ചെയ്തു. വീട്ടിലേക്ക് സാധനം വാങ്ങാൻവന്നതാണ് എന്നായിരുരുന്നു മറുപടി. എങ്കിൽ ഉമ്മയെ വിളിച്ച് ലൗഡ്സ്പീക്കറിലിട്ട് സാധനങ്ങളുടെ ലിസ്റ്റ് ചോദിക്കണമെന്നായി പൊലീസ്. എന്താ വാങ്ങേണ്ടത് ഉമ്മേ എന്ന ചോദ്യത്തിന്, എന്ത് വാങ്ങാൻ? നീയെവിടേക്കാ പോയത്? എന്ന മറുചോദ്യമായിരുന്നു മറുതലയ്ക്കൽ നിന്നുണ്ടായത്.
ഇനി ബൈക്ക് കിട്ടണമെങ്കിൽ ഉമ്മയെ കൂട്ടിക്കൊണ്ട് സ്റ്റേഷനിൽ കാത്തു നിൽക്കേണ്ടി വരും . വൈലത്തൂരിൽ നിന്ന് മരുന്ന് വാങ്ങാനെന്ന പേരിൽ തിരൂരെത്തിയ യുവാവിനെ പൊലീസ് തിരിച്ചുവിട്ടു. മരുന്ന് കുറുപ്പടിയിലെ ഡോക്ടറുടെ നമ്പറിൽ വിളിച്ച് മരുന്ന് തിരൂർ നഗരത്തിൽ മാത്രമേ കിട്ടുകയുള്ളോ എന്ന് പൊലീസ് അന്വേഷിക്കുകയായിരുന്നു. എല്ലായിടത്തും കിട്ടുമെന്ന മറുപടി കേട്ടതോടെയാണ് യുവാവിനെ തിരിച്ചുവിട്ടത്.
Post Your Comments