Latest NewsKerala

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകള്‍; ആരോപണങ്ങൾ ഏറെ

മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സംസ്ഥാനം പുറത്തു വിടുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം ആക്ഷേപം ഉന്നയിക്കുന്നു.

പാലക്കാട്: സര്‍ക്കാര്‍ പുറത്തു വിടുന്ന കൊവിഡ് മരണക്കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകള്‍. പാലക്കാട് ജില്ലയില് ഈമാസം 15 പേര്‍ മാത്രം മരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്‌കരിച്ചത് അതിന്റെ മൂന്നിരട്ടിയോളം പേരെഎന്ന് ആരോപണം. മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സംസ്ഥാനം പുറത്തു വിടുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം ആക്ഷേപം ഉന്നയിക്കുന്നു.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്‌കരിക്കകാനെത്തുന്ന നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊര്‍ണൂര്‍ ശാന്തിതീരത്തെ ഈമാസത്തെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച്‌ മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങള്‍ ഈമാസം ഇതുവരെ സംസ്‌കരിച്ചു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ കണക്കു പ്രകാരം വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കൊവിഡ് ബോധിച്ച്‌ മരിച്ച പത്തിലേറെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

തിരുവില്വാമല ഐവര്‍ മഠടത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്‌കരിച്ചത് അമ്പതിലധികം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍. ചിറ്റൂരിലും എലവഞ്ചേരിയിലുമായി പത്തിലേറെ. എന്നിട്ടും പാലക്കാട് ജില്ലയില്‍ പതിനഞ്ച് പേര്‍ മാത്രം മരിച്ചെന്ന് സര്‍ക്കാര്‍ കണക്ക്. തൃശൂര്‍ കണക്ക് പുറത്തുവിടുന്നില്ലെങ്കിലും കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പ്രതിദിന ശരാശരി നാല്‍പത്തിയഞ്ചെന്നാണ് അനൗദ്യോഗിക വിവരം.

ഔദ്യോഗിക കണക്കു പ്രകാരം മലപ്പുറത്ത് ശരാശരി പ്രതിദിന മരണം അഞ്ച്. സംസ്ഥാനത്ത് പ്രതിദിനം അറുപതില്‍ താഴെ കൊവിഡ് മരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണ് ഈ പൊരുത്തക്കേടുകള്‍. നേരത്തെ തന്നെ കേരളത്തിലെ മരണ നിരക്കുകളിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. മുൻപ് മരിച്ചവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ജില്ല തിരിച്ചുള്ള കണക്കുകൾ മാത്രമാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button