കോഴിക്കോട്: പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിന് പരിധിവിട്ട മറുപടിയില്‍ പരസ്യമായി മാപ്പ് പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകർക്കെതിരെ ഭീഷണിയുമായി സൈബർ പോരാളികൾ. ഏഷ്യാനെറ്റ് ന്യൂസ് ലേഖിക പി.ആര്‍. പ്രവീണയെയാണ് ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏഷാനെറ്റ് ന്യൂസ് ചാനലിന്‍റെ ഓഫിസിലേക്ക് ഫോണില്‍ വിളിച്ച് പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ചാനല്‍ ഒന്നും മിണ്ടാത്തത് എന്നായിരുന്നു ചോദ്യം. കോവിഡ് മഹാമാരിക്കിടയിലെ സ്വന്തം സംസ്ഥാനത്തെ ഗുരുതര അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ലേഖിക വിശദീകരിച്ചു. ഈ ഫോണ്‍ സംഭാഷണം സൈബർ പോരാളികൾ പിന്നീട് പുറത്തുവിട്ടു. സംഭവം വിവാദമായതോടെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പി.ആര്‍. പ്രവീണയും സാമൂഹിക മാധ്യമത്തിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. പ്രകോപനപരമായി സംസാരിച്ച ജീവനക്കാരിക്കെതിരെ കര്‍ശന നടപടിയെടുത്തതായി എഡിറ്റര്‍ അറിയിച്ചു. ഇതിനു ശേഷവും ലേഖികക്കെതിരെ ബലാത്സംഗ-വധ ഭീഷണികള്‍ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ലേഖികയുടെ അക്കൗണ്ടുകളിലും ഏഷ്യാനെറ്റ് ജീവനക്കാരുടെയും ചാനലിന്റെയും അക്കൗണ്ടുകളിലും അസഭ്യ വര്‍ഷം തുടരുകയാണ്.
അതേസമയം, കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിനു നിന്നുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ഏഷ്യാനെറ്റിന്‍റെ പ്രഭാത വാര്‍ത്താ പരിപാടിയായ ‘നമസ്‌തേ കേരള’ത്തില്‍ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ പി.ജി. സുരേഷ്‌കുമാര്‍ വ്യക്തമാക്കി. ബംഗാള്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ലഭിച്ച ഫോണ്‍കോളിനോട് പരിധിവിട്ട രീതിയിലാണ് ലേഖിക പ്രതികരിച്ചത്. തെറ്റ് ബോധ്യപ്പെട്ട ലേഖികയും ഏഷ്യാനെറ്റും മാതൃകാപരമായ രീതിയിലാണ് നടപടികളെടുത്തത്. അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചപ്പോഴുണ്ടായ ക്ഷോഭത്തില്‍ നിന്നാണ് ലേഖിക പ്രതികരിച്ചത് എങ്കിലും അത് വീഴ്ചയായി തന്നെയാണ് കണ്ടത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പി.ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കി.
ലേഖികയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ്
ബംഗാള്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രേക്ഷകരിലൊരാള്‍ ഞങ്ങളുടെ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകരിലൊരാള്‍ അവരോട് സംസാരിച്ച രീതി പരിധി വിട്ടു. അതില്‍ സ്ഥാപനത്തിന് തന്നെ ആ തെറ്റ് ബോധ്യപ്പെടുകയും ഞങ്ങളുടെ എഡിറ്റര്‍ ഖേദമറിയിക്കുകയും ചെയ്തു. ആ വീഴ്ചവരുത്തിയ ലേഖിക തന്നെ തന്റെ തെറ്റ് പരസ്യപ്പെടുത്തുകയും ചെയ്തു. മാതൃകാപരമായ നടപടി ഉത്തരവാദിത്തപ്പെട്ട സ്ഥാപനം എന്ന നിലയില്‍ എടുത്തു എന്ന് എഡിറ്റര്‍ പരസ്യമായി അറിയിച്ചിരുന്നു. അതിന് ശേഷവും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാപകമായ പ്രചരണം ഒരുഭാഗത്ത് നടക്കുകയാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴുണ്ടായ ക്ഷോഭത്തില്‍ പറഞ്ഞതാണെങ്കില്‍ പോലും അതൊരു വീഴ്ചയായി കണ്ട് സ്വയം തിരുത്തുകയും സ്ഥാപനം മാതൃകാപരമായ നടപടിയെടുക്കുകയും ചെയ്തതിന് ശേഷവും സ്ഥാപനത്തിനെതിരെ നടക്കുന്ന ആഹ്വാനങ്ങള്‍ ഒരു പരിധിവരെ വേണമെങ്കില്‍ മനസിലാക്കാം. മുമ്പും അനുഭവങ്ങളുണ്ടായിട്ടുണ്ട്.
പക്ഷേ, ആ ലേഖികയെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്നും വധിക്കണമെന്നും ഉള്ള തരത്തില്‍ അതിനിഷ്ഠൂരമായ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീക്കെതിരെയല്ല, ഒരു വ്യക്തിക്കെതിരെ പോലും നടത്തരുതാത്ത അതിക്രൂരമായ സൈബര്‍ കൊട്ടേഷന്‍ സംഘങ്ങളാണ് ഈ ആക്രമണത്തിന് ആഹ്വാനം നല്‍കുന്നത്. അത് മുഖമില്ലാത്തവരുടെ മാത്രമല്ല, മുഖമുള്ളവരുമുണ്ട് ഈ ആഹ്വാനത്തിന് പിന്നില്‍. അത് അങ്ങേയറ്റം അപലപനീയമാണ്. അത് വകവെച്ചുകൊടുക്കുന്ന പ്രശ്നമില്ല. തെറ്റുതിരുത്തി എന്ന് പറയുമ്പോള്‍ തന്നെ അങ്ങനെ കൂട്ടംതെറ്റിച്ച് എറിഞ്ഞു കൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അത് വകവെച്ചുകൊടുക്കുന്ന പ്രശ്‌നമില്ല. അതിന് നിന്നുകൊടുക്കുന്ന പ്രശ്നമില്ല. അതിശക്തമായ നടപടി അക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് വളരെ സ്നേഹത്തോടുകൂടി ഓര്‍മ്മപ്പെടുത്തുന്നു. കാരണം, ഉത്തരവാദിത്വപ്പെട്ട സ്ഥാപനമെന്നുള്ള നിലയ്ക്ക് വളരെ മാന്യമായ നടപടിയായിരുന്നു, അത് തിരുത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments