തിരുവനന്തപുരം: ബംഗാളിലെ അക്രമങ്ങള്‍ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് വന്ന ഫോണ്‍ കോളുകളോട് ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവര്‍ത്തക പി.ആര്‍.പ്രവീണ പരുഷമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ . സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ അക്കാര്യത്തിലുള്ള പ്രതിഷേധം ഏഷ്യാനെറ്റിലെ ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് ലഭിച്ചതെന്നും സന്ദീപ് വാര്യര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.
Read Also : ഓക്സിജന്‍ വിതരണം വഴി തിരിച്ചുവിടുന്നു; ബംഗാളിലെ അവസ്ഥ വിവരിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി
കേരളത്തിലെ ഒരുസംഘം മാധ്യമപ്രവര്‍ത്തകര്‍ ബിജെപിക്ക് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും ബി.ജെ.പിക്ക് മാദ്ധ്യമങ്ങള്‍ കൂടുതല്‍ സ്പെയ്സ് കൊടുക്കരുതെന്നും സമരങ്ങള്‍ക്ക് കൊടുക്കുന്ന കവറേജ് കൂടുതലാണെന്ന് മീഡിയ വണ്ണിലെ രാജീവ് ദേവരാജ് പറഞ്ഞുവെന്നും സന്ദീപ് ആരോപിച്ചു. അതേസമയം ഏഷ്യനെറ്റ് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണം അപക്വമായിരുന്നെന്നും അനാവശ്യമായിരുന്നെന്നും പറഞ്ഞ് തള്ളിയ ഏഷ്യാനെറ്റ്, ഈ മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ബംഗാളിലെ അക്രമം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വിളിച്ചുപറഞ്ഞ കോട്ടയം സ്വദേശിനിയോട് ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
സന്ദീപ് വാര്യരുടെ കുറിപ്പ്
ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവര്‍ത്തക പി.ആര്‍ പ്രവീണയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ അക്കാര്യത്തിലുള്ള പ്രതിഷേധം ഏഷ്യാനെറ്റിലെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് ലഭിച്ചത്.
കേരളത്തിലെ ഒരു വിഭാഗം മാദ്ധ്യമ പ്രവര്‍ത്തകരുടെ ബി.ജെ.പി വിരുദ്ധത മറ നീക്കി പുറത്തു വരുന്നത് അടുത്ത ദിവസങ്ങളില്‍ കണ്ടു. മീഡിയ വണ്ണിലെ രാജീവ് ദേവരാജ്, ബി.ജെ.പിക്ക് മാദ്ധ്യമങ്ങള്‍ കൂടുതല്‍ സ്പെയ്സ് കൊടുക്കരുതെന്നും സമരങ്ങള്‍ക്ക് കൊടുക്കുന്ന കവറേജ് കൂടുതലാണെന്നുമൊക്കെ വിലപിക്കുന്നത് കണ്ടു. കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് രാജ്യത്ത് ഏതു മാദ്ധ്യമത്തിലാണ് ഇടം ലഭിക്കുക? ആളെണ്ണമല്ല, ആധാരമായ വിഷയമാണ് സമരത്തിന്റെ പ്രാധാന്യം നിശ്ചയിക്കുന്നതെന്ന് അറിയാത്തവനല്ല രാജീവ് ദേവരാജ്. അതു കൊണ്ടാണ് വാളയാറിലെ അമ്മയുടെ സമരം നമുക്ക് പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. മാദ്ധ്യമ പ്രവര്‍ത്തനത്തിന് സമൂഹം കല്‍പ്പിച്ചിട്ടുള്ള മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത് .
Post Your Comments