തിരുവനന്തപുരം: ഇടതു തരംഗം ഇടതുപക്ഷ നിലപാടിന്റെ ഭാഗമായിരുന്നുവെന്നും കൂട്ടായ ശ്രമത്തിന്റെ ഫലമായിരുന്നുവെന്നും സി.പി.എം. ഇത് പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്കു ചുരുക്കുകയാണ്. പിണറായി വിജയന്റെ വ്യക്തിപ്രഭാവമാണ് വിജയ കാരണമെന്നും വരുത്തിതീര്‍ക്കരുത്. പരമാധികാരമുള്ള നേതാവിന്റെ വിജയമായി ആഘോഷിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമമെന്നും സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലാണ് ഇതു സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. പ്രകാശ് കാരാട്ടാണ് പീപ്പിള്‍സ് ഡെമോക്രസിയുടെ എഡിറ്റര്‍.
പിണറായി വിജയന്‍ ഭരണത്തില്‍ മികച്ച മാതൃക കാട്ടിയെന്നതു സത്യമാണെന്നും ഡെമോക്രസിയുടെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ മന്ത്രിസഭയും പിന്തുടരുക കൂട്ടായ പരിശ്രമത്തിന്റെ പാതയാരിക്കുമെന്നും ലേഖനം വ്യക്തമാക്കി.
അതേ സമയം നാലു മണ്ഡലങ്ങളിലെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് പരിശോധിക്കാന്‍ സമിതിയെ വയ്ക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ദേശം.
കുണ്ടറ, തൃപ്പൂണിത്തുറ, ചാലക്കുടി, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ചു പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. 18ന് ചേരുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇടതു തരംഗത്തിനിടയിലും ഈ നാലു മണ്ഡലങ്ങളിലെയും തോല്‍വി ഞെട്ടലുണ്ടാക്കുന്നതാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വോട്ടെടുപ്പിനു മുമ്പും ശേഷവും ഉറപ്പായ മണ്ഡലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവ ആണിത്.
കുണ്ടറയില്‍ മന്ത്രി മെഴ്സിക്കുട്ടിയമ്മയും തൃപ്പൂണിത്തുറയില്‍ എം.സ്വരാജും ചാലക്കുടിയിലും കേരള കോണ്‍ഗ്രസ് എമ്മിലെ ഡെന്നിസ് ആന്റണിയും കല്‍പ്പറ്റയില്‍ എം.വി ശ്രേയാംസ്‌കുമാറുമാണ് പരാജയപ്പെട്ടത്. കല്‍പ്പറ്റയില്‍ കഴിഞ്ഞ തവണ പിപി ശശീന്ദ്രന്‍ പതിമൂവായിരം വോട്ടിനു ജയിച്ച സീറ്റാണ് ഇക്കുറി ശ്രേയാംസ്‌കുമാര്‍ 6500 വോട്ടിനു തോറ്റത്. പ്രമുഖ ഘടകകക്ഷി നേതാവായ ശ്രേയാംസിന്റെ തോല്‍വി പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.
മാധ്യമങ്ങൾക്കാണ് പഴിയെങ്കിലും തെരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ട എന്ന വ്യക്തമായ സന്ദേശം തന്നെയാണ് സിപിഎം ഈ നിലപാടിലൂടെ നൽകുന്നത്. വരാൻ പോകുന്ന നാളുകളിൽ പാർട്ടിയും സർക്കാരും പിണറായിയിലേക്ക് ചുരുങ്ങുമോ എന്ന ആശങ്കയും ഈ തുറന്നു പറച്ചിലിലൂടെ വ്യക്തമാകുന്നു.
Post Your Comments