Latest NewsKeralaIndia

‘ഒരു കാരണവശാലും ഇത് ആവര്‍ത്തിക്കില്ല, ജീവനക്കാരിക്കെതിരെ നടപടിയുണ്ടാകും: മാപ്പ് പറഞ്ഞ് ഏഷ്യാനെറ്റ്

ഓഫിസിലേക്ക് ടെലിഫോണില്‍ വിളിച്ച കോട്ടയം സ്വദേശിനിയോട് പ്രകോപനപരമായി സംസാരിച്ച ജീവനക്കാരിക്കെതിരേയും നടപടിയുണ്ടാകുമെന്നു ചാനൽ

കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച വിവാദത്തില്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിനെ തുടർന്ന് മാപ്പു പറഞ്ഞ് ഏഷാനെറ്റ് ന്യൂസ് ചാനല്‍. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് ടെലിഫോണില്‍ വിളിച്ച കോട്ടയം സ്വദേശിനിയോട് പ്രകോപനപരമായി സംസാരിച്ച ജീവനക്കാരിക്കെതിരേയും നടപടിയുണ്ടാകുമെന്നു ചാനൽ അറിയിച്ചു.

ഞങ്ങളുടെ സഹപ്രവത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നുകൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഏഷ്യാനെറ്റ് എഡിറ്ററുടെ അറിയിപ്പ്. ഏഷ്യാനെറ്റിനെതിരേ ആര്‍എസ്‌എസ്, ബിജെപി പ്രവര്‍ത്തകര്‍ ഉൾപ്പെടെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പിന്നാലെയാണ് ചാനലിന്റെ ക്ഷമാപണം.

എന്നാൽ ഏഷ്യാനെറ്റിന്റെ ആ പോസ്റ്റിലും നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് ചാനൽ.

എന്നാൽ വീണ്ടും വാചകങ്ങൾ കൂട്ടിച്ചേർത്തു പോസ്റ്റ് ഇട്ടു, അത് ഇപ്രകാരം.

അറിയിപ്പ്:
ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തില്‍ ഇത്തരം വീഴ്ചകള്‍ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലര്‍ത്താത്ത ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന്, ഒരു കാരണവശാലും ഇത് ആവര്‍ത്തിക്കില്ലെന്ന്, ഞങ്ങള്‍ക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നല്‍കുന്നു
എഡിറ്റർ

അതേസമയം റിപ്പോർട്ടർ പി ആർ പ്രവീണയും മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്. “ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോർട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികൾക്ക് മറുപടി പറയേണ്ടി വന്നപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. അതിൽ നിർവ്യാജം ഖേദിക്കുന്നു” എന്നാണ് പ്രവീണയുടെ പോസ്റ്റ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button