ഡല്‍ഹി: അമ്പത്തിയാറുകാരനായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ഒരു മാസമായി ഡല്‍ഹി ലോധി ശ്മശാനത്തിലാണ് ജോലിചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ഇദ്ദേഹത്തിന്റെ കുടുംബം. രാജ്യം കോവിഡ് മഹാമാരിയുടെ പിടിയില്‍പെട്ട് കഷ്ടപ്പെടുമ്പോള്‍ ആയിരത്തിലധികം കുടുംബങ്ങളെയാണ് ഇദ്ദേഹം സഹായിക്കുന്നത്. 36 വര്‍ഷമായി എഎസ്ഐ രാകേഷ് കുമാര്‍ പൊലീസില്‍ ജോലി ചെയ്യുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രാകേഷിനെ ശ്മശാനത്തിലെ ഡ്യൂട്ടിക്ക് നിയമിച്ചത്.
READ MORE: 78,000 വർഷം പഴക്കം; മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി പുരാവസ്തു ഗവേഷകർ
”ഞാന്‍ രാവിലെ 7 മണിക്ക് ഇവിടെയെത്തി കര്‍മ്മം നടത്തുന്നവരെയും ജോലിക്കാരെയും സ്ഥലം സജ്ജമാക്കാന്‍ സഹായിക്കുന്നു. പകല്‍ സമയങ്ങളില്‍ മൃതദേഹങ്ങള്‍ എടുക്കുന്നതിനും പൂജയ്ക്കായി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും ആംബുലന്‍സ് ഡ്രൈവര്‍മാരേയും സഹായിക്കുന്നു. ഏപ്രില്‍ 13 മുതല്‍ 1,100 ലധികം മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്.
അവരില്‍ പലരും കോവിഡ് ബാധിതരായിരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ഞങ്ങള്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്. രാത്രി 7-8 മണിയോടെയാണ് ശ്മശാനത്തു നിന്നും പോകുന്നത്.”കുമാര്‍ പറഞ്ഞു.
‘സ്ത്രീകളും പ്രായമായ ആളുകളും തങ്ങളുടെ പ്രിയപ്പെട്ട ആളെ നഷ്ടപ്പെട്ട് ഇവിടെ സംസ്കരിക്കാനെത്തുമ്പോള്‍ എന്തുചെയ്യണമെന്ന് അവര്‍ക്ക് അറിയില്ല. ആംബുലന്‍സുകള്‍ മൃതദേഹങ്ങള്‍ പുറത്ത് ഇറക്കിവെച്ച് സ്ഥലം വിടും. ഈ സന്ദര്‍ഭങ്ങളിലൊക്കെ ഞങ്ങളാണ് അവരെ സഹായിക്കുക. മാതാപിതാക്കളെയും മുത്തശ്ശിയെയും ഒക്കെ സംസ്കരിക്കാന്‍ ഞാന്‍ കുട്ടികളെ സഹായിച്ചിട്ടുണ്ട്. രണ്ടാമത്തെ കോവിഡ് തരംഗം മോശമാണ്. ഒരു കൗമാരക്കാരനെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സഹായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. വേദനയും കഷ്ടപ്പാടും വിശദീകരിക്കാന്‍ കഴിയില്ല, ”കുമാര്‍ പറഞ്ഞു.
പ്രതിദിനം 60-100 മൃതദേഹങ്ങള്‍ ആണ് ഇവിടെ സ്വീകരിക്കുന്നത്. ഒരു ദിവസം 47 ഓളം മൃതദേഹങ്ങള്‍ മാത്രമാണ് ഇവിടെ സംസ്കരിക്കാനുള്ള ശേഷിയുള്ളത്.
നിസാമുദ്ദീനില്‍ താമസിക്കുന്ന കുടുംബത്തെ 15-20 ദിവസത്തിലൊരിക്കലാണ് രാകേഷ് സന്ദര്‍ശിക്കുന്നത്. ഭാര്യയും മൂന്ന് മക്കളും ( രണ്ട് ആണ്മക്കളും ഒരു മകളും) മാണ് രാകേഷിനുള്ളത്. കുമാറിന്റെ മകളുടെ കല്യാണം മെയ് 7 നാണ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ ജോലിയില്‍ തിരക്കായതിനാല്‍ മാറ്റിവച്ചു.
”ഞാന്‍ ഓരോ തവണയും ഒരു പിപിഇ കിറ്റും ഡബിള്‍ മാസ്കും ധരിക്കുന്നുണ്ടെങ്കിലും, എന്റെ കുടുംബാംഗങ്ങളെ അപകടത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സഹായം ആവശ്യമുള്ള നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇത് ഇപ്പോള്‍ എന്റെ കടമയാണ്. എന്റെ മകളുടെ കല്യാണം എങ്ങനെ ഈ സമയത്ത് ആഘോഷിക്കും? ‘ അദ്ദേഹം പറഞ്ഞു.
READ MORE: സംസ്ഥാനത്ത് അവശ്യ സർവ്വീസുകൾ മാത്രം, കെഎസ്ആർടിസി ഉണ്ടാകില്ല
നാല് വര്‍ഷം കൂടിയാണ് കുമാര്‍ സര്‍വീസിലുള്ളത്. അതുവരെ തനിക്ക് കഴിയുന്നത്ര ആളുകളെ സഹായിക്കണമെന്നാണ് കുമാറിന്റെ ആഗ്രഹം. മഹാമാരിയേയും വൈറസിനെയും ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു, കാരണം ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ട് ഒപ്പം ഒരു മാസം മുമ്പ് രണ്ട് ഡോസ് കോവിഡ് വാക്സിനുമെടുത്തെന്നും അദ്ദേഹം പറയുന്നു.
Post Your Comments