തൊടുപുഴ: വിവാദ സിഎസ്ഐ ധ്യാനത്തിൽ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി വരുന്നതായി ഇടുക്കി പൊലീസ് അറിയിച്ചു. ധ്യാനം നടത്തിയവർക്കെതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ ധ്യാനം നടത്തിയത്. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന് ഏപ്രിലിൽ തന്നെ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. മാത്രമല്ല ഇടുക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ ജില്ലയിലെ പൊതുപരിപാടികൾക്ക് ജില്ലഭരണകൂടം വിലക്കും ഏർപ്പെടുത്തിയിരുന്നു.
ഇക്കാര്യം അറിയാമായിരുന്നെന്ന് വിശദീകരണ കുറിപ്പിൽ സിഎസ്ഐ സഭ വ്യക്തമാക്കിയിട്ടുമുണ്ട്. സിഎസ്ഐ സഭ അവകാശപ്പെടുന്നത് പോലെ ധ്യാനത്തിന് അനുമതി നൽകിയിരുന്നോ എന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ദേവികുളം സബ്കളകർക്കും ഇടുക്കി കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ അനുമതിയ്ക്കായി ആരും സമീപിച്ചിട്ടില്ലെന്നാണ് ദേവികുളം സബ്കളക്ടർ പറയുന്നത്.
അഞ്ച് ദിവസം നീണ്ട ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ ബിഷപ്പടക്കം എൺപതോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സഭയുടെ വിശദീകരണം. ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും. മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.
Post Your Comments