മുംബൈ: ഐ.പി.എല്‍ പതിന്നാലാം സീസൺ താൽക്കാലികമായി നിർത്തിവെച്ചു. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിക്കുകയായിരുന്നു. ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മത്സരങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.
നേരത്തെ സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും, ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് വൃദ്ധിമാന്‍ സാഹ പോസിറ്റീവ് ആയത്.
ഡല്‍ഹി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയ്ക്കും, സന്ദീപ് വാര്യര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത -ബാംഗ്ലൂര്‍ മത്സരവും ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ – രാജസ്ഥാന്‍ മത്സരവും മാറ്റിവെച്ചിരുന്നു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മത്സരങ്ങൾ മതിയാക്കി ആദം സാംപയടക്കമുള്ള ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ താരം അശ്വിനും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.
ഗൗരവകരമായ വിഷയം; സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി
കോവിഡ് കാലത്തും കളിച്ചുനടക്കുന്നു എന്ന മുൻ ഐ.പി.ൽ മേധാവി ലളിത് മോദി ഉൾപ്പെടെയുള്ളവരുടെ വിമർശനം ഏറ്റുവാങ്ങി ഐ.പി.എല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ബി.സി.സി.ഐയും ഫ്രാഞ്ചൈസികളും. എന്നാൽ കൂടുതല്‍ താരങ്ങള്‍ കോവിഡ് ബാധിതരായതോടെ മത്സരങ്ങൾ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments