ധാക്ക: ബംഗ്ലാദേശിൽ യാത്ര സ്പീഡ് ബോട്ട് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. മുൻഷിഗഞ്ച് ജില്ലയിലെ പത്മ നദിയിൽ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. നിരവധി യാത്രക്കാരുമായി നീങ്ങിയ ബോട്ട് കാർഗോ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു ഉണ്ടായത്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അനുവദിക്കപ്പെട്ടതിലും കൂടുതൽ യാത്രക്കാരെ കയറ്റി മദരിപൂർ ജില്ലയിലേക്ക് പുറപ്പെട്ടതായിരുന്നു ബോട്ട്. നിരവധി പേർക്കായി തിങ്കളാഴ്ച രാത്രിവരെ തിരച്ചിൽ തുടരുകയുണ്ടായി. ”26 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് വിവരമില്ല. തിരച്ചിൽ നടക്കുന്നുണ്ട്” -പൊലീസ് ഇൻസ്പെക്ടർ ആഷിഖ് റഹ്മാൻ പറഞ്ഞു. ബോട്ട് ലൈസൻസ് ഇല്ലാത്ത ഡ്രൈവറായിരുന്നുവെന്നും വിവരമുണ്ടെന്ന് പൊലീസ് പറയുകയുണ്ടായി. 25 പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് ലഭിച്ചിരിക്കുന്നത്.
കൊറോണ വൈറസ് രോഗ വ്യാപനം കാരണം ബംഗ്ലാദേശിൽ ബുധനാഴ്ച വരെ ലോക്ഡൗണാണ്. സംഭവം അന്വേഷിക്കാൻ സർക്കാർ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് പതിവായതിനാൽ ഒാരോ വർഷവും രാജ്യത്ത് നൂറിലധികം പേർ ബോട്ട് അപകടങ്ങളിൽ മരിക്കുന്നുണ്ട്.
Post Your Comments