Latest NewsKeralaNews

തുടര്‍ഭരണത്തിന് വഴിവെച്ചത് ജനങ്ങള്‍, ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത ചരിത്രവിജയമാണ് നല്‍കിയതെന്ന് സി.പി.എം. ഈ ജനകീയ അംഗീകാരത്തിലൂടെ ആദ്യമായി കേരളത്തില്‍ ഒരു ഇടതുപക്ഷ തുടര്‍ഭരണം വരികയാണ്. കേരള ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടര്‍മാരെ സി.പി.എം അഭിവാദ്യം ചെയ്യുന്നു. ഇതിനായി പ്രവര്‍ത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി പുലര്‍ത്തി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു. സി.പി.എമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കും ആത്മവിശ്വാസത്തോടുകൂടി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഈ ജനവിധി കൂടുതല്‍ സഹായകരമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Read Also : തിരഞ്ഞെടുപ്പ് തോല്‍വിയെ എന്റെ വ്യക്തിപരമായ പരാജയം ആയി തന്നെ സ്വീകരിക്കുന്നു , എല്ലാം എന്റെ പിഴവ് : ശങ്കു.ടി.ദാസ്

1957 മുതല്‍ വിവിധ ഘട്ടങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യുണിസ്റ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഈ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തി പകരുന്നതാണ് ഈ ജനവിധി.

‘മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 5 വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ഇടതുപക്ഷത്തിന്റെ ഈ വിജയം വ്യക്തമാക്കുന്നു. സാമൂഹ്യ നീതിയിലാധിഷ്ഠിതമായ വികസനത്തിനും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുമാണ് കഴിഞ്ഞ 5 വര്‍ഷവും എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്’ .

‘ബി.ജെ.പിയുടെ വര്‍ഗ്ഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് കേരളം നല്‍കിയത്. നരേന്ദ്ര മോദി അമിത് ഷാ ദ്വയങ്ങളും നിരവധി കേന്ദ്ര മന്ത്രിമാരും കോടികള്‍ ചെലവഴിച്ച് നടത്തിയ പ്രചരണം കേരളത്തില്‍ വിലപ്പോയില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെ രണ്ട് സീറ്റില്‍ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കി. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് വീമ്പ് ഇളക്കിയ ബിജെപിക്ക് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചിട്ടും സ്വാധീനം വര്‍ദ്ധിപ്പിക്കാനായില്ല. ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചും കേന്ദ്ര ഭരണം ദുര്‍വിനിയോഗം ചെയ്തും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള കേന്ദ്ര നീക്കത്തെയാണ് കേരളം നിരാകരിച്ചത്. ഈ ഉയര്‍ന്ന ജനാധിപത്യ ബോധം വര്‍ഗ്ഗീയ തീവ്രവാദത്തോട് കേരള ജനത സന്ധിചെയ്യില്ല എന്ന പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ വിജയം’ .

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്. കേരളത്തിലെ ദശലക്ഷക്കണക്കിന് ബഹുജനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button