ന്യൂഡൽഹി: ചെങ്കോലും കിരീടവുമായി അധികാരമേറ്റെടുക്കാനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ. അണിയറയിലെ തിരശീലയഴിക്കാൻ ഇനി മണിക്കുറുകൾ മാത്രം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളത്തിന് പുറമേ പശ്ചിമബംഗാൾ, തമിഴ്നാട്, പോണ്ടിച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടെണ്ണലിൽ ഏറെ പ്രതീക്ഷയിലാണ് മുന്നണികൾ. ബിജെപിക്കും കോൺഗ്രസിനും പുറമേ, വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പ്രാദേശിക പാർട്ടികൾക്കും ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.
മോദിസര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ ഉറ്റുനോക്കുന്നത് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് ഫലത്തെയാണ്. 292 സീറ്റുകളിലേക്കാണ് പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. മമതയുടെ വീറും വാശിയും ജനങ്ങളെ ഇത്തവണയും സ്വാധീനിക്കുമോ അതോ ബിജെപി നടത്തിയ വമ്പൻ പ്രചാരണം ജനങ്ങൾ സ്വീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ജയിക്കാനായാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ വരെ അത് സ്വാധീനിക്കുമെന്നതും നിലവിലെ വിവിധ രാഷ്ടീയ ആരോപണങ്ങളില്‍ നിന്ന് വഴിമാറ്റി കൂടുതല്‍ ആത്മവിശ്വാസം സര്‍ക്കാരിന് ലഭിക്കുമെന്നതും ബിജെപി കണക്കുകൂട്ടുന്നു.
അതേസമയം പത്ത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കേയും ജയിക്കാനായാല്‍ തൃണമൂലിനൊപ്പം പ്രതിപക്ഷത്തിനാകെയും അത് മോദി സര്‍ക്കാരിനെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കുന്നതുമാകും. ആ പ്രതീക്ഷയിലാണ് മമതയും. ഇതോടൊപ്പം കമ്യൂണിസ്റ്റ്- കോൺഗ്രസ് സഖ്യവും മത്സരരംഗത്തുണ്ട്. വോട്ടെടുപ്പ് പോലെ തന്നെ വോട്ടെണ്ണല്‍ ദിനത്തിലും വൻ സുരക്ഷ തന്നെയാണ് ബംഗാളിലേർപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകർ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം മമത ബാനര്‍ജി നല്കി. കൗണ്ടിങ് ഏജന്റുമാർക്ക് എന്തെങ്കിലും പ്രതിസന്ധി നേരിട്ടാല്‍ വിളിക്കാന്‍ രണ്ട് ഹെല്‍പ്പ് ലൈൻ നമ്പറുകളും തൃണമൂൽ നല്‍കിയിട്ടുണ്ട്. ബിജെപി ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി യോഗങ്ങളില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. ഭരണമാറ്റമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളുകളും പ്രവചിക്കുന്നത്. കൊങ്കുനാട്ടിലൊഴികെ, വടക്ക് തെക്ക് മധ്യ കാവേരി മേഖലകള്‍ ഡിഎംകെ തൂത്തുവാരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്റെയും അണ്ണാഡിഎംകെയുടേയും പതനം ഒരുമിച്ചാകുമെന്നും ഡിഎംകെ അവകാശപ്പെടുന്നു.
Read Also: ഇന്ത്യ സന്ദർശിച്ച ഓസ്ട്രേലിയക്കാർക്ക് വിലക്ക്, ലംഘിച്ചാൽ 5 വർഷം തടവും പിഴയും
എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണ്ണമായി തള്ളുകയാണ് അണ്ണാഡിഎംകെ. ജാതി വോട്ടുകള്‍ നിര്‍ണ്ണായകമായ വടക്കന്‍ തമിഴ്നാട്ടില്‍ പിഎംകെ പിന്തുണ അട്ടിമറികള്‍ക്ക് വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സൗജന്യ വാഷിങ് മെഷീന്, ടിവി തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങള്‍ വോട്ടായി മാറിയിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാൽ അതേസമയം തമിഴ്നാടിന് അത്രയേറെ പരിചിതമല്ലാത്ത രാഷ്ട്രീയ നിലപാടുകളുള്ള ബിജെപി സഖ്യവും ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും തിരിച്ചടിയാകുമോ എന്ന ആശങ്ക ഇപിഎസ് ഒപിഎസ് നേതൃത്വത്തിനുണ്ട്. ഇതോടൊപ്പം കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയും മത്സരരംഗത്തുണ്ട്. പരമാവധി നാല് സീറ്റുകളില്‍ കമല്‍ഹാസന്റെ മൂന്നാം മുന്നണി ഒുങ്ങുമെന്നാണ് സര്‍വ്വേ പ്രവചനങ്ങള്‍. എന്നാൽ ജയലളിതയും കരുണാനിധിയും ഇല്ലാത്ത തെരഞ്ഞെടുപ്പില്‍, ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലായി അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് കമല്‍.
അസമില്‍ ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്നതാണ് പ്രധാനപ്പെട്ട എക്സിറ്റ് പോളുകളുടെയെല്ലാം പ്രവചിക്കുന്നത്. 126 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ കോൺഗ്രസും പ്രതീക്ഷ കൈവിട്ടിട്ടില്ല. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും അസമിലെ ചുമതലക്കാരനുമായ ഭൂപേഷ് ഭാഗേലിനെ അസമിലേക്ക് അയച്ചിട്ടുണ്ട്. ബിജെപിക്ക് തുടര്‍ ഭരണം ഉണ്ടായാല്‍ സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കോണ്‍ഗ്രസ് ഇതര പാര്‍ട്ടി ഭരണത്തുടർച്ച നേടുന്നവെന്ന പ്രത്യേകത കൂടിയാകും അസമിൽ. പുതുച്ചേരിയിലെ മുപ്പത് സീറ്റുകളികളിൽ ആരൊക്കെ വിജയിക്കുമെന്നും ഇന്നറിയാം. എൻഡിഎ അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കോൺഗ്രസ് തകർന്നടിയുമെന്നും പ്രവചിക്കുന്നു. 2016ല്‍ 21 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 15 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്.
Post Your Comments