ഡല്‍ഹി: ആവേശം അവസാന പന്ത് വരെ നിറഞ്ഞു നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ ഉയര്‍ത്തിയ 219 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. ഒറ്റയാള്‍ പോരാട്ടം നടത്തിയ കീറോണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനമാണ് മുംബൈയ്ക്ക് മിന്നും വിജയം സമ്മാനിച്ചത്.
ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡീകോക്കും(38) രോഹിത് ശര്‍മ്മയും(35) മുംബൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. മൂന്നാമനായെത്തിയ സൂര്യകുമാര്‍ യാദവ് 3 റണ്‍സുമായി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച ക്രുനാല്‍ പാണ്ഡ്യ-പൊള്ളാര്‍ഡ് സഖ്യം മുംബൈയുടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. ക്രുനാല്‍ 23 പന്തില്‍ 32 റണ്‍സ് നേടി. ഹര്‍ദ്ദിക് പാണ്ഡ്യ 7 പന്തില്‍ 16 റണ്‍സെടുത്തു. 34 പന്തില്‍ 6 ബൗണ്ടറികളും 8 സിക്‌സറുകളും പറത്തിയ പൊള്ളാര്‍ഡാണ് കളിയിലെ താരം.
ചെന്നൈയ്ക്ക് വേണ്ടി സാം കറന്‍ 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ശര്‍ദ്ദൂല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ നാലാം സ്ഥാനത്തെത്തി. പരാജയപ്പെട്ടെങ്കിലും റണ്‍ റേറ്റിന്റെ പിന്‍ബലത്തില്‍ ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Post Your Comments