ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടർന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സുനിതയെ സാകേതിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ഏപ്രിൽ 20 നാണു സുനിതയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേതുടർന്ന് ഇവർ വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
Also Read:എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്ന് കുമ്മനം രാജശേഖരൻ
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹിയിലെ ബി.ജെ.പി നേതാവായ കപില്‍ മിശ്ര സുനിത ഏറ്റവും വേഗത്തില്‍ രോഗമുക്തയായി തിരിച്ചുവരട്ടെയെന്ന് ആശംസിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുനിതയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കെജ്രിവാള് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഡല്‍ഹി. പ്രതിദിനം 20,000 ത്തിലേറെ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 32.82 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 395 പേരാണ് ഒറ്റ ദിവസം രാജ്യതലസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. 97,977 ആളുകളാണ് സംസ്ഥാനത്തിപ്പോള്‍ ചികിത്സയിലുള്ളത്. ഓക്സിജന്‍ ക്ഷാമം രൂക്ഷമായതാണ് മരണനിരക്ക് ഉയരാൻ കാരണമായിരിക്കുന്നത്.
Post Your Comments