![](/wp-content/uploads/2021/05/untitled-26.jpg)
കട്ടപ്പന: ഉയരമുള്ള പ്ലാവിൽ നിന്നും ചെത്തിയിട്ട ചക്ക തലയിൽ വീണ് തൊഴിലാളി മരിച്ചു. മധുര സ്വദേശി അറുമുഖൻ (68) ആണു മരിച്ചത്. വെള്ളയാംകുടി കൊങ്ങിണിപ്പടവിലെ ഏലത്തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഉയരമുള്ള പ്ലാവിലെ കൊമ്പിൽ നിന്നും ചക്കയിട്ടത് മറ്റൊരു തൊഴിലാളിയായിരുന്നു. അറുമുഖൻ തൊട്ടടുത്തെ ഏലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്നു. വർഷങ്ങളായി അറുമുഖൻ ഈ തോട്ടത്തിലാണ് പണിയെടുത്തിരുന്നത്.
ചെരിവുള്ള പ്രദേശത്തായിരുന്നു പ്ലാവ് നിന്നിരുന്നത്. 40 അടി ഉയരമുള്ള പ്ലാവിൽ നിന്നു നിലത്തു വീണ് തെറിച്ചുയർന്ന ചക്ക അറുമുഖന്റെ തലയിൽ വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വീണു പോയ അറുമുഖനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ: സരസ്വതി. 4 മക്കളുണ്ട്.
Post Your Comments