കൊച്ചി : കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്‌സിൻ കേരളത്തിൽ അട്ടിമറിയ്ക്കുകയാണെന്ന് യുവ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ. ആവശ്യത്തിന് വാക്‌സിൻ സ്‌റ്റോക്ക് ഉണ്ടായിട്ടും വിതരണം ചെയ്യാതെ അത് പൂഴ്ത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. പിൻവാതിൽ നിയമനം നടത്തിയ പിണറായി സർക്കാർ കൊറോണ വാക്‌സിനും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും പിൻവാതിൽ വഴി നൽകുകയാണെന്നും പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.
കേരളത്തിൽ വാക്‌സിന് കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണ്. 27-4-21 ന് 444330 ഡോസ് വാക്‌സിൻ സ്‌റ്റോക്ക് ഉണ്ടായിരുന്നു. എന്നാൽ 28-4-21 ന് വിതരണം ചെയ്തത് 35000 ത്തോളം വാക്‌സിൻ മാത്രമാണ്. ഇന്ന് നാല് ലക്ഷത്തോളം സ്‌റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യുന്നത് വളരെക്കുറച്ച് മാത്രമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഓൺലൈൻ ബുക്കിംഗും കേരളത്തിൽ അവതാളത്തിലായിരിക്കുകയാണ്. പിൻവാതിൽ നിയമനം നടത്തിയ പിണറായി സർക്കാർ കൊറോണ വാക്‌സിനും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും പിൻവാതിൽ വഴി നൽകുകയാണ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങൾ 90% വാക്‌സിനേഷനും സർക്കാർ സംവിധാനങ്ങളിലൂടെ നടത്തിയപ്പോൾ കേരളം നാൽപ്പത് ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകി. കേന്ദ്ര സർക്കാർ സൗജന്യമായിക്കൊടുത്ത വാക്‌സിൻ വലിയ വിഭാഗം ജനങ്ങൾക്ക് പണം കൊടുത്ത് വാങ്ങേണ്ടി വന്നു. മറ്റ് സംസ്ഥാനങ്ങൾ ആയിരക്കണക്കിന് കേന്ദ്രങ്ങൾ വാക്‌സിനേഷന് വേണ്ടി തയ്യാറാക്കിയപ്പോൾ കേരളം അഞ്ഞൂറിൽ താഴെ മാത്രമാണ് സജ്ജമാക്കിയത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും സമൂഹ വ്യാപനങ്ങൾക്ക് പോലും വഴിവെച്ചു. കേരളത്തിലെ വാക്‌സിൻ രജിസ്‌ട്രേഷനും പൂർണമായും പരാജയപ്പെട്ടിരിക്കുന്നതായും പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.
വാക്‌സിൻ പൂഴ്ത്തിവെപ്പിനെതിരെ സംസ്ഥാനത്തെ മുഴുവൻ കലക്ട്രേറ്റുകൾക്ക് മുന്നിലും നാളെ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
Post Your Comments