ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. ഇതിന്റെ ഭാഗമായി യുഎഇയിൽ നിന്നുമുള്ള 12 ഓക്‌സിജൻ ടാങ്കറുകൾ ഇന്ത്യ ഏറ്റെടുത്തു. അടുത്ത ആഴ്ചയോടെ 6 ഓക്‌സിജൻ ടാങ്കറുകൾ കൂടി ഇന്ത്യൻ വ്യോമ സേന വിമാനങ്ങൾ എയർ ലിഫ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ നിലവിലുള്ള ഓക്‌സിജൻ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിന് ഈ ടാങ്കറുകൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ. ദുബായിയിൽ നിന്നുള്ള ടാങ്കറുകളുടെ നീക്കത്തിന് അദാനി ഗ്രൂപ്പാണ് നേതൃത്വം നൽകുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലെയ് എനർജിയിൽ നിന്നാണ് ടാങ്കറുകൾ സ്വീകരിച്ചത്. വ്യോമ സേനയുടെ സി-17 വിമാനമാണ് ഓക്‌സിജൻ ടാങ്കറുകൾ ഏറ്റെടുക്കാനായി യുഎയിലെത്തിയത്.
സൗദി അറേബ്യ, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും ലിക്വിഡ് ഓക്‌സിജനുമായുള്ള ക്രയോജനിക് ടാങ്കുകൾ ഇന്ത്യയിലേയ്ക്ക് വിതരണം ചെയ്‌തെന്ന് അദാനി ഗ്രൂപ്പിന്റെ വക്താവ് അറിയിച്ചു. വലിയ അളവിലുള്ള ഓക്‌സിജൻ നീക്കമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഇതിന് ശൂന്യമായ ഓക്‌സിജൻ കണ്ടെയ്‌നറുകൾ സഹായകമാകുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നതിന് ദുബായ് ഭരണകൂടത്തിന് അദാനി ഗ്രൂപ്പ് നന്ദി അറിയിക്കുകയും ചെയ്തു.
Post Your Comments