KeralaLatest News

പരസ്പരം ട്രോളിയും വാദിച്ചും രാജേഷ് -പണിക്കര്‍ പോസ്റ്റ് യുദ്ധം മുറുകുന്നു; ഏറ്റെടുത്തു സോഷ്യൽ മീഡിയ

തിരുവനന്തപുരം: രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ പാലക്കാട് മുന്‍ എംപിയും, തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംബി രാജേഷ് , സാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് യുദ്ധം. ഏപ്രില്‍ 24ന് എംബി രാജേഷ് ഇട്ടപോസ്റ്റാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

രാജേഷിന്റെ പോസ്റ്റ് ഇതായിരുന്നു

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്
രാവിലെ ദില്ലിയിൽ നിന്നുള്ള ഒരു ഫോൺ കാളാണ് എന്നെ വിളിച്ചുണർത്തിയത്. അത് ഒരു സഹായ അഭ്യർത്ഥനയായിരുന്നു. വെറും 28 വയസ്സു പ്രായമുള്ള എൻ്റെ ഒരു സുഹൃത്ത് കോ വിഡ് ബാധിച്ച് അവിടെ ഗുരുതരാവസ്ഥയിലാണ്.ഒരു ആശുപത്രിയിലും ബെഡ് കിട്ടാനില്ല. എന്തെങ്കിലും വ്യക്തി ബന്ധം ഉപയോഗിച്ച് ഒരു ആശുപത്രിയിൽ പ്രവേശനം തരപ്പെടുത്താനാവുമോ എന്നാണ് ചോദ്യം. എല്ലാ വാതിലുകളും മുട്ടി ഫലമില്ലാതായപ്പോഴുള്ള അവസാന ശ്രമമാണ്. പാലക്കാട്ടിരിക്കുന്ന ഞാൻ ഡൽഹിയിലേയും കേരളത്തിലേയും എല്ലാ ബന്ധങ്ങളും ഓർത്തെടുത്ത് വിളിച്ചു നോക്കി.പ്രത്യേകിച്ച് ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ. രണ്ടര മണിക്കൂർ എന്നെപ്പോലെ പല സുഹൃത്തുക്കളും സാദ്ധ്യമായ ശ്രമങ്ങളെല്ലാം നടത്തി.ഞാൻ പലർ മുഖേന ബന്ധപ്പെട്ട ഡൽഹിയിലെ 12ആശുപത്രികളിൽ 10 ഇടത്തും രക്ഷയുണ്ടായില്ല.. ഒരു സ്വകാര്യ ആശുപത്രിയിൽ ബെഡ് തരാം പക്ഷേ വെൻ്റിലേറ്ററില്ല. മറ്റൊരിടത്ത് മുൻകൂർ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ! വേറെ മാർഗ്ഗമില്ലെങ്കിൽ അതാവാം എന്ന് നിശ്ചയിക്കാനിരിക്കുമ്പോൾ RML ൽ എങ്ങിനെയോ ഒരു ബെഡ് ലഭിച്ചുവെന്ന വിവരം വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത് ! ആ ചെറുപ്പക്കാരൻ അവിടെ ചികിത്സയിലിരിക്കുന്നു.
ഹൃദയഭേദകമാണ് കാഴ്ചകൾ. ഓക്സിജൻ കിട്ടാതെ ആശുപത്രി മുറ്റത്തും വരാന്തകളിലും മരിച്ചു വീഴുന്ന മനുഷ്യജീവികൾ.കൺമുന്നിൽ ശ്വാസം കിട്ടാതെ പിടയുന്ന ഉറ്റവർക്ക് സഹായം തേടിയുള്ള ബന്ധുക്കളുടെ കരൾ പിളരുന്ന അലറിക്കരച്ചിലുകൾ. കൂട്ടിയിട്ട മൃതശരീരങ്ങൾ. ആംബുലൻസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് റോഡിൽ അനാഥമായി കിടക്കുന്ന ജഡം. ശ്മശാനങ്ങളിൽ കത്തിയമരുന്ന കൂട്ടച്ചിതകൾ.
ഇതിന് ആർക്കും ഉത്തരവാദിത്തമില്ലേ? ഇത് വെറും മരണങ്ങളല്ല. കൂട്ടക്കൊലകളാണ്.ദില്ലി വാഴുന്ന മനുഷ്യ വിരുദ്ധരായ ഒരു ഭരണകൂടമാണ് ഇതിന് ഉത്തരവാദികൾ. എന്തുകൊണ്ട്?
1. ഓക്സിജൻ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനൽ നെഗ്‌ലിജൻസിന് ഉത്തരവാദികൾ മോദി സർക്കാരാണ്. വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറിൽ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്സിജൻ പ്ലാൻ്റുകൾ ആരംഭിക്കാൻ തുഛമായ 201 കോടി രൂപ പി എംകെ യേഴ്സ് ഫണ്ടിൽ നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകൾ പുറത്തു വിടാതെ പൂഴ്ത്തിവെച്ചതിൽ നിന്നാണ് പിശുക്കി ഈ നിസ്സാരമായ തുക നൽകിയത്. എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെൻഡർ പോലും ആയിട്ടില്ല ! യു.പി യിൽ പണം അനുവദിച്ച 14 ൽ ഒന്നുപോലും തുടങ്ങിയിട്ടില്ല !! ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സർക്കാരിനേക്കാൾ വേഗത്തിലാണ്.
2. ഇനി വാക്സിൻ്റെ കാര്യമെടുക്കാം. അമേരിക്കൻ സർക്കാർ 2020 ആഗസ്റ്റിൽ 44700 കോടി വാക്സിൻ ഉൽപ്പാദനത്തിന് നിക്ഷേപിച്ചപ്പോൾ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവിൽ ആയിരങ്ങൾ മരിച്ചു വീഴാൻ തുടങ്ങിയപ്പോൾ, എട്ട് മാസത്തിനു ശേഷം ഈ ഏപ്രിൽ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്.അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്ക നിക്ഷേപിച്ചതിൻ്റെ പത്തിലൊന്ന് മാത്രം!
3. മറ്റ് രാജ്യങ്ങൾ ആവശ്യമായ ഡോസ് വാക്സിൻ നേരത്തേ ബുക്ക് ചെയ്തപ്പോൾ മോദി സർക്കാർ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റിൽ 400 ദശലക്ഷം ഡോസും യൂറോപ്യൻ യൂണിയൻ 2020 നവംബറിൽ 800 ദശലക്ഷം ഡോസും മുൻകൂട്ടി ബുക്ക് ചെയ്ത eപ്പാൾ കേന്ദ്ര സർക്കാർ മാസങ്ങൾ അനങ്ങാതിരുന്നു. ഒടുവിൽ ഈ ജനുവരിയിൽ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം.
4. ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്സിൻ വിറ്റ് കൊള്ളലാഭം കൊയ്യാൻ കമ്പനികൾക്ക് അനുമതി നൽകിയത്. ഇന്നത്തെ ദി ഇന്ത്യൻ എക്സ്പ്രസ് വാർത്തയനുസരിച്ച് ഇന്ത്യയുടെ അയൽ രാജ്യങ്ങളിലുൾപ്പെടെ ലോകത്തെല്ലായിടത്തേക്കാൾ കൂടുതലാണ് മോദിയുടെ ഇന്ത്യയിൽ വാക്സിൻ്റെ വില.
എന്തൊരു കണ്ണിൽ ചോരയില്ലാത്ത സർക്കാർ. പെട്രോൾ, ഡീസൽ, പാചകവാതകം, ഇപ്പോഴിതാ വാക്സിനും വില കൂട്ടിയിരിക്കുന്നു. വില കൂട്ടാൻ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോർപ്പറേറ്റ് ചങ്ങാതിമാർ ഇതുവരെ ശവപ്പെട്ടി ഉൽപ്പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കിൽ അതിലും കൊള്ളലാഭം താങ്കൾ അവർക്ക് ഉറപ്പാക്കുമായിരുന്നു.
5.സർക്കാർ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്തോളും എന്ന ബി.ജെ.പി.യുടെ ഉദാരവൽക്കരണ സാമ്പത്തിക ദർശനവും മാനുഷികത തീരെയില്ലാത്ത വർഗ്ഗീയ പ്രത്യയശാസ്ത്രവും ചേർന്നപ്പോഴാണ് ദുരന്തത്തിൻ്റെ ആഴവും ആഘാതവും കൂടിയത്. നിർമ്മല സീതാരാമൻ നേരത്തേ തന്നെ പറഞ്ഞതോർമ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തിൽ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സർക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നർത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയിൽ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്നേഹികൾ?
6. എന്നാൽ എല്ലാം വിപണിയെ ഏൽപ്പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സർക്കാരുണ്ട് ഇവിടെ കേരളത്തിൽ.ഒരു വർഷത്തിനിടയിൽ പിഴയ്ക്കാത്ത ആസുത്രണവും കരുതലും കാര്യക്ഷമതയും പുലർത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാൻ തയ്യാറെടുപ്പു നടത്തിയ LDF സർക്കാർ.ഒരു വർഷത്തിനിടയിൽ ഓക്സിജൻ ഉൽപ്പാദനം ഒരു മിനിറ്റിൽ 50 ലിറ്ററിൽ നിന്ന് 1250 ലിറ്ററായി, ഇരുപത്തിയഞ്ചിരട്ടിയാക്കി കുട്ടിയ സർക്കാർ.9735 ICU കിടക്കകളും 3776 വെൻ്റിലേറ്ററുകളും സജ്ജമാക്കിയ സർക്കാർ. (അതിൽ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോർക്കണം. ) മരണ നിരക്ക് ലോകത്തിൽ ഏറ്റവും കുറഞ്ഞ നിലയിൽ പിടിച്ചു നിർത്തി ആയിരക്കണക്കിന് മനുഷ്യ ജീവൻ രക്ഷിച്ച ഒരു സർക്കാർ. വാക്സിൻ്റെ പേരിൽ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സർക്കാർ. അതുകൊണ്ടാണ് ഗുജറാത്തിലേയും യു പി യിലേയും ദൽഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തിൽ കാണാത്തത്.
രണ്ടു സർക്കാരുകൾ തമ്മിൽ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങൾക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ്സ് നിർണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിർണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയിൽ പഠിപ്പിക്കുന്നത്

ഇതിനെ തുടര്‍ന്ന് ശ്രീജിത്ത് പണിക്കര്‍ ഇതിന് മറുപടിയായി ഏപ്രില്‍ 25ന് ഒരു നൽകിയ മറുപടി പോസ്റ്റ് ഇങ്ങനെ

പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാർത്ത ആയതായി കണ്ടു. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്ന അനേകം കാര്യങ്ങൾ അതിലുണ്ട്. അതിനാൽ ഓരോ പോയിന്റും തിരുത്താൻ ശ്രമിക്കാം.
[1] //ഓക്‌സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍ക്കാരാണ്.//
തെറ്റ്. ഇന്നലെ ഡൽഹി ഹൈക്കോടതി കണ്ടെത്തിയത് കേന്ദ്രസർക്കാർ ഓക്സിജൻ ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും റൂർക്കേല, കലിംഗനഗർ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് ഡൽഹി സർക്കാർ ടാങ്കറുകൾ വിട്ടില്ലെന്നും, സമീപ സ്ഥലങ്ങളിലെ പ്ലാന്റുകളിലേക്ക് മതിയായ അളവിൽ ക്രയോജനിക് ടാങ്കറുകൾ എത്തിച്ചില്ലെന്നുമാണ്. എല്ലാ കാര്യങ്ങളും ഡൽഹിയുടെ പടിയ്ക്കൽ എത്തിക്കാൻ സാധ്യമല്ലെന്നും, മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഡൽഹി ചെയ്യാത്തതിനു ന്യായീകരണം ഇല്ലെന്നുമാണ്. അനുവദിക്കപ്പെട്ട് മൂന്നു ദിവസങ്ങൾക്കു ശേഷവും ഓക്സിജൻ വാങ്ങാൻ ടാങ്കറുകൾ അയയ്ക്കാത്തതും റെയിൽവെയെ സമീപിക്കാത്തതും ഗുരുതരമായ വീഴ്ചയായാണ് കോടതി നിരീക്ഷിച്ചത്. അനുവദിക്കപ്പെട്ട ഓക്സിജൻ കരിഞ്ചന്തയിൽ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ബംഗാൾ സർക്കാർ അതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ സർക്കുലർ ഇറക്കിയത് അങ്ങ് അറിഞ്ഞോ ആവോ!
[2] //വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുഛമായ 201 കോടി രൂപ പി എംകെ യേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകള്‍ പുറത്തു വിടാതെ പൂഴ്ത്തിവെച്ചതില്‍ നിന്നാണ് പിശുക്കി ഈ നിസ്സാരമായ തുക നല്‍കിയത്.//
തെറ്റ്. ഈ തുക തുച്ഛമല്ല. അനുവദിക്കപ്പെട്ടത് വായുവിനെ തണുപ്പിച്ച് ഓക്സിജൻ വേർതിരിക്കുന്ന PSA പ്ലാന്റുകളാണ്. അതിനുള്ള ചെലവ് ഒന്നിന് ഏതാണ്ട് ഒന്നേകാൽ കോടി രൂപയാണ്.
[3] //എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെന്‍ഡര്‍ പോലും ആയിട്ടില്ല ! യു.പി യില്‍ പണം അനുവദിച്ച 14 ല്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണ്.//
ഭാഗികമായി ശരിയാണ്. പ്രവർത്തനക്ഷമമായ പ്ലാന്റുകളുടെ എണ്ണം കുറവു തന്നെയാണ്. ടെൻഡറുകൾ ഒക്കെ ആയതാണ്. ചില സ്ഥലങ്ങളിൽ വെൻഡർമാർ പ്രവർത്തനം വൈകിപ്പിച്ചു. ചില സ്ഥലങ്ങളിൽ പ്രവർത്തനം വൈകിപ്പിച്ചത് സംസ്ഥാനങ്ങളാണ്. വെൻഡർമാരുടെ ചുമതല പ്ലാന്റ് സ്ഥാപിക്കൽ മാത്രമാണ്. പ്ലാന്റിൽ നിന്നും കോപ്പർ പൈപ്പ്ലൈൻ ഉണ്ടാക്കി ഓക്സിജൻ കിടക്കകളിലേക്ക് എത്തിക്കേണ്ടത് സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ കാര്യം നോക്കൂ. കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളജുകളിൽ അനുവദിക്കപ്പെട്ട പ്ലാന്റുകളുടെ പണി പൂർത്തിയായി. എന്നാൽ കോപ്പർ പൈപ്പ്ലൈൻ പൂർത്തിയാകാത്തതു മൂലം അവ പ്രവർത്തനക്ഷമമല്ല. രാജേഷ് സംസ്ഥാന ആരോഗ്യവകുപ്പിനെ ഒന്ന് കുറ്റപ്പെടുത്തൂ, കാണട്ടെ.
[4] //ഇനി വാക്‌സിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ സര്‍ക്കാര്‍ 2020 ആഗസ്റ്റില്‍ 44700 കോടി വാക്‌സിന്‍ ഉല്‍പ്പാദനത്തിന് നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവില്‍ ആയിരങ്ങള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍, എട്ട് മാസത്തിനു ശേഷം ഈ ഏപ്രില്‍ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്.അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള അമേരിക്ക നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം! മറ്റ് രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്‌സിന്‍ നേരത്തേ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ ബുക്ക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം. //
തെറ്റ്. ഉല്പാദനച്ചെലവ് കൂടുതലുള്ള രാജ്യത്തിലേതുപോലെ മറ്റു രാജ്യങ്ങളും പണം നിക്ഷേപിക്കണമെന്നത് തെറ്റായ വാദമാണ്. ചന്ദ്രയാൻ, മംഗൽയാൻ പോലെയുള്ള പദ്ധതികളിലും ഇത് ഇന്ത്യ തെളിയിച്ചതാണ്. മുടക്കുന്ന പണമല്ല, കാര്യക്ഷമതയും സമയവുമാണ് പ്രധാനം. കുറച്ചു പണം മുടക്കിയിട്ടു പോലും ലോകത്തിൽ അതിവേഗം 14 കോടി ആൾക്കാർക്ക് വാക്സിൻ നൽകിയ രാജ്യം ഇന്ത്യയാണ്. അമേരിക്കയും ചൈനയുമൊക്കെ നൂറും നൂറ്റിപ്പത്തും ദിവസങ്ങൾ എടുത്തപ്പോൾ ഇന്ത്യ ഈ നേട്ടം കൈവരിച്ചത് 99 ദിവസം കൊണ്ടാണ്. തന്നെയുമല്ല ഇന്ത്യ ലക്ഷക്കണക്കിനു ഡോസ് വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് നൽകുകയും ചെയ്തു. മഴു ഉണ്ടാക്കാൻ എത്ര സമയം എടുത്തെന്നോ എത്ര പണം മുടക്കിയെന്നതോ അല്ല കാര്യം, അതിവേഗം മരം മുറിക്കാൻ കഴിഞ്ഞോ എന്നതാണ്.
[5] //ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്‌സിന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇന്നത്തെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയനുസരിച്ച് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തെല്ലായിടത്തേക്കാള്‍ കൂടുതലാണ് മോദിയുടെ ഇന്ത്യയില്‍ വാക്‌സിന്റെ വില.//
തെറ്റ്. വാക്സിൻ ഉല്പാദനഘട്ടത്തിലെ ഉദ്ദേശവിലയാണ് ഈ പ്രചരിക്കുന്നത്. ആ പട്ടികയിൽ ഇന്ത്യയിലെ വാക്സിന്റെ വില എത്ര ഡോളർ ആണെന്ന് നോക്കുക. അല്ലാതെ വാക്സിന്റെ ഇന്ത്യയിലെ ഇന്നത്തെ പൊതുവിപണി വിലയെ മറ്റു രാജ്യങ്ങളിൽ വാക്സിന്റെ ഉല്പാദനഘട്ടത്തിൽ സർക്കാരിനു കൊടുക്കുന്ന വിലയുമായിട്ടല്ല താരതമ്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ ആവർത്തിച്ച കാര്യമാണ് ഏറ്റവും ചെലവു കുറഞ്ഞ വാക്സിനാണ് അവർ നൽകുന്ന കോവിഷീൽഡ് എന്നത്.
[6] //എന്തൊരു കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍, പാചകവാതകം, ഇപ്പോഴിതാ വാക്‌സിനും വില കൂട്ടിയിരിക്കുന്നു. വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ ഇതുവരെ ശവപ്പെട്ടി ഉത്പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കില്‍ അതിലും കൊള്ളലാഭം താങ്കള്‍ അവര്‍ക്ക് ഉറപ്പാക്കുമായിരുന്നു.//
ശരി. പെട്രോൾ, ഡീസൽ വിലയും പാചകവാതക വിലയും കൂടുന്നതിനു ന്യായമില്ല. പെട്രോളിയം ഉല്പന്നങ്ങളുടെ വില ഡീറെഗുലേറ്റ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി ഇന്ത്യയിലെ വിലയും ക്രമീകരിക്കുക എന്നതാണ്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ പെട്രോളിയം കമ്പനികൾ ഇവിടെ വില കുറയ്ക്കുമെങ്കിലും കേന്ദ്രം എക്സൈസ് തീരുവയുടെ വിവിധ ഇനങ്ങൾ വഴി വില വീണ്ടും കൂട്ടും. ഫലത്തിൽ ജനങ്ങൾക്ക് കുറഞ്ഞ വില ലഭ്യമാകുന്നില്ല. പക്ഷെ ഇതൊരു സ്ട്രോമാൻ വാദമാണ്. വാക്സിനുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയത്തിലെ വിലയെ വാക്സിൻ വിലയും മോദിയുടെ ചങ്ങാത്തവുമായി ബന്ധിപ്പിക്കാനാണ് രാജേഷ് ശ്രമിക്കുന്നത്. വാക്സിൻ വിലയെ കുറിച്ച് മുകളിലെ പോയിന്റിൽ പറഞ്ഞിട്ടുണ്ട്. കോർപ്പറേറ്റ് ശവപ്പെട്ടി എന്നത് രാഷ്ട്രീയ ആരോപണം ആയതിനാൽ അത് ഞാൻ വിടുന്നു.
[7] //സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്‌തോളും എന്ന ബി.ജെ.പി.യുടെ ഉദാരവത്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗ്ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്.//
കമ്യൂണിസ്റ്റ് പാർട്ടിയുടെ സോഷ്യലിസ്റ്റ് സമ്പദ്ഘടനാ ചിന്ത രാജ്യം ഉപേക്ഷിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. അതിനു നന്ദി പറയേണ്ടത് നരസിംഹ റാവുവിനും മന്മോഹൻ സിങ്ങിനുമാണ്. അതിൻപ്രകാരം സർക്കാരിന്റെ ചുമതല വിപണിക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വളർത്തുക എന്നതാണ്. അത് ലോകത്ത് പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള നയമാണ്. ഇപ്പോഴും 45 വയസ്സിനു മുകളിൽ ഉള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉൾപ്പടെയുള്ള മുന്നണി പോരാളികൾക്കും രോഗങ്ങൾ ഉള്ളവർക്കുമുള്ള വാക്സിൻ കേന്ദ്ര സൗജന്യമായാണ് നൽകുന്നത്. ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 50% വാങ്ങുന്നത് കേന്ദ്രമാണ്. വാക്സിനേഷൻ അതിവേഗമാക്കാനും കാത്തിരിക്കാൻ വയ്യാത്തവർക്ക് അത് ലഭ്യമാക്കാനുമാണ് മൂന്നാം ഘട്ടത്തിൽ കേന്ദ്രത്തിന്റെ ശ്രമം. പുതിയ ജനിതക വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും വാക്സിൻ വികസനത്തിന് കൂടുതൽ ഗവേഷണവും പണവും ആവശ്യമാണ്. പൊതുവിപണിയിൽ ലഭ്യമാക്കുന്ന വാക്സിനിൽ നിന്ന് കിട്ടുന്ന പണം ഇതിലേക്ക് ഉള്ള നിക്ഷേപം കൂടിയാണ്. എല്ലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും അങ്ങനെയാണ് പ്രവർത്തിക്കുന്നത്. അമേരിക്ക നിക്ഷേപിച്ചതിനേക്കാൾ കുറവ് പണമാണ് ഇന്ത്യ നിക്ഷേപിച്ചത് എന്നു പറഞ്ഞപ്പോൾ താങ്കൾക്കു തന്നെ പണത്തിന്റെ ആവശ്യത്തെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നല്ലോ. അമേരിക്കയിലെ അത്ര വേണ്ടെങ്കിലും ഇവിടെയും ഗവേഷണത്തിനു പണം വേണ്ടേ? വാക്സിൻ ഉല്പാദനത്തോടെ ഇവിടത്തെ ലാബുകൾ ഒക്കെ അടച്ചുപൂട്ടിയെന്നൊന്നും ധരിക്കരുത്. ഫെഡറൽ സംവിധാനത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്നവർക്ക് 50% വാക്സിൻ വാങ്ങാൻ കഴിവില്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. 2000 കോടി വന്നാലും വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞ തോമസ് ഐസക്കിനെയും അദ്ദേഹത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെയും ചോദ്യം ചെയ്യാത്തത് എന്തേ? സംസ്ഥാനത്തിനു ഖജനാവിൽ ബാക്കിയുള്ള 5000 കോടി എവിടെയെന്ന് ധനമന്ത്രിയോട് ചോദിക്കുമോ? എന്തിനാണ് ഇപ്പോൾ സംഭാവന വേണമെന്ന് പറയുന്നതെന്ന് ചോദിക്കുമോ? ബജറ്റിൽ സൗജന്യ വാക്സിൻ വെറും പ്രഖ്യാപനം മാത്രം ആയിരുന്നെന്ന് സമ്മതിക്കുമോ?
[8] //നിര്‍മ്മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മ്മയില്ലേ? covid iട an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് .ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍ക്കാറിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ത്ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്‌നേഹികള്‍?//
തെറ്റ്. താങ്കൾക്ക് ഇത്ര വിവരമില്ലേ? Act of God എന്നത് നിയമപരമായി നിലനില്പുള്ള ഒരു പ്രയോഗമാണ്. ദൈവം വരുത്തിയത് എന്നല്ല അതിന്റെ നിയമപരമായ അർത്ഥം. മനുഷ്യ നിയന്ത്രണത്തിൻ അതീതമായ സംഭവങ്ങളെ സൂചിപ്പിക്കാൻ പൊതുവായി ഉപയോഗിക്കുന്ന പ്രയോഗമാണ് Act of God. ഭൂകമ്പം, പ്രളയം, മഹാമാരി, ദുരന്തങ്ങൾ ഒക്കെയും Acts of God ആണ്. സംശയമുണ്ടെങ്കിൽ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയോട് ചോദിച്ചു നോക്കൂ. കോവിഡ് ഒരു മഹാമാരിയാണ് എന്നതിൽ താങ്കൾക്ക് ഇനിയും സംശയമുണ്ടോ? സ്വന്തം കാര്യം സ്വയം നോക്കണം എന്നു പറയുന്നതിന് അർത്ഥം സർക്കാരിനെ പ്രതീക്ഷിക്കേണ്ട എന്നാണോ? എല്ലാവരും ജാഗ്രത പുലർത്തണം എന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞതിന്റെ അർത്ഥവും അതുതന്നെയാണോ? സാമൂഹിക അകലം, മാസ്ക് ധാരണം, കൈകഴുകൽ എന്നിവയൊക്കെ സ്വയം ശ്രദ്ധിക്കേണ്ട സ്വന്തം കാര്യങ്ങൾ തന്നെയാണ്. സംശയമുണ്ടോ? കോവിഡ് കാലത്ത് മരിച്ച ആയിരങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്തത് ഭരണകൂടം ആണെങ്കിൽ കേരളത്തിൽ മരിച്ച 5000 പേരെ സംസ്ഥാന ഭരണകൂടം മരണത്തിനെറിഞ്ഞു കൊടുത്ത് കരയ്ക്കിരുന്ന് കണ്ടു എന്നും മനസ്സിലാക്കണോ?
[9] //എന്നാല്‍ എല്ലാം വിപണിയെ ഏല്‍പ്പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സര്‍ക്കാരുണ്ട് ഇവിടെ കേരളത്തില്‍.ഒരു വര്‍ഷത്തിനിടയില്‍ പിഴയ്ക്കാത്ത ആസുത്രണവും കരുതലും കാര്യക്ഷമതയും പുലര്‍ത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാന്‍ തയ്യാറെടുപ്പു നടത്തിയ LDF സര്‍ക്കാര്‍.//
തെറ്റ്. സ്വകാര്യമേഖലയിൽ ആർടിപിസിആർ ടെസ്റ്റിന്റെ കേരളത്തിലെ നിരക്ക് എത്രയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എത്രയെന്നും പറയാനുള്ള ആർജവം താങ്കൾക്കുണ്ടോ? വിപണിയെ ഒന്നും ഏല്പിച്ചില്ലത്രേ! കേരളത്തിലെ കോവിഡ് നിരക്ക് ജനസംഖ്യാനുപാതികമായി നോക്കൂ, വ്യാപനം മനസ്സിലാകും. ആർടിപിസിആർ ടെസ്റ്റുകൾ കൂട്ടി ആന്റിജൻ ടെസ്റ്റ് മറ്റ് സംസ്ഥാനങ്ങൾ കുറച്ചപ്പോൾ ഇവിടെ ഇപ്പോഴും തിരിച്ചാണ് കഥ. മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് സംസ്ഥാനത്തിന്റെ തന്നെ വിദഗ്ധസമിതിയല്ലേ കണ്ടെത്തിയത്. പൂന്തുറയിലെ പാവങ്ങളെ തോക്ക് കാട്ടി ഭയപ്പെടുത്തിയതിൽ ഇപ്പോഴും താങ്കൾക്ക് അഭിമാനം ഉണ്ടോ? മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാഞ്ഞതിനെ കുറിച്ച് താങ്കൾ ഒന്നും പറഞ്ഞില്ല.
[10] //ഒരു വര്‍ഷത്തിനിടയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം ഒരു മിനിറ്റില്‍ 50 ലിറ്ററില്‍ നിന്ന് 1250 ലിറ്ററായി, ഇരുപത്തിയഞ്ചിരട്ടിയാക്കി കുട്ടിയ സര്‍ക്കാര്‍.9735 ICU കിടക്കകളും 3776 വെന്റിലേറ്ററുകളും സജ്ജമാക്കിയ സര്‍ക്കാര്‍. (അതില്‍ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോര്‍ക്കണം. )//
തെറ്റായ വാദം. ഡൽഹിയിലെ ഓക്സിജൻ ലഭ്യതക്കുറവിനു കാരണം കേന്ദ്രമാണെങ്കിൽ കേരളത്തിലെ ലഭ്യതക്കൂടുതലിനും കാരണം കേന്ദ്രമല്ലേ? ഇനി കേരളത്തിലെ ലഭ്യതക്കൂടുതലിനു കാരണം കേരള സർക്കാർ ആണെങ്കിൽ ഡൽഹിയിലെ ലഭ്യതക്കുറവിനു കാരണം ഡൽഹി സർക്കാർ അല്ലേ? ഓക്സിജൻ ഉല്പാദനവും വിതരണവും നിയന്ത്രിക്കുന്നത് സംസ്ഥാനങ്ങളല്ല, കേന്ദ്രമാണ് എന്നെങ്കിലും മനസ്സിലാക്കുക. ലഭ്യതയ്ക്ക് ടാങ്കറുകൾ തയ്യാറാക്കുകയാണ് സംസ്ഥാനങ്ങൾ ചെയ്യേണ്ടത്.
[11] //മരണ നിരക്ക് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിലയില്‍ പിടിച്ചു നിര്‍ത്തി ആയിരക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിച്ച ഒരു സര്‍ക്കാര്‍. വാക്‌സിന്റെ പേരില്‍ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സര്‍ക്കാര്‍. അതുകൊണ്ടാണ് ഗുജറാത്തിലേയും യു പി യിലേയും ദല്‍ഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തില്‍ കാണാത്തത്. രണ്ടു സര്‍ക്കാരുകള്‍ തമ്മില്‍ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ്സ് നിര്‍ണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയില്‍ പഠിപ്പിക്കുന്നത്.//
തെറ്റ്. ഐഎംഎ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവിടെ കൂടുതലായി നടക്കുന്നത് ആർടിപിസിആർ ടെസ്റ്റല്ല. ഏറ്റവും കൂടുതൽ ഫോൾസ് പോസിറ്റീവ് വരുന്ന ആന്റിജൻ ടെസ്റ്റാണ്. ഫലം? പോസിറ്റീവ് കേസുകളുടെ എണ്ണം കൂടും. മരണം ഉണ്ടാവില്ല. മരണ നിരക്ക് കുറയും. ഇതാണ് സർക്കാരിന്റെ പദ്ധതി. പിടിച്ചു നിർത്തി എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? കോവിഡിന് കേരളത്തിൽ മരുന്നുണ്ടോ? വാക്സിന്റെ പേരിൽ ജനങ്ങളെ പിഴിയില്ലെന്നും വാക്സിൻ സൗജന്യമെന്നും ആവശ്യമായത് 2000 കോടി മുടക്കി വാങ്ങുമെന്നും തിരഞ്ഞെടുപ്പിനു മുൻപ് പറഞ്ഞ സർക്കാർ ഇപ്പോൾ സ്വന്തം വാക്ക് വിഴുങ്ങി. കേന്ദ്രം സൗജന്യമായി വാക്സിൻ നൽകാൻ കത്തയച്ചു. ആൾക്കാരോട് സംഭാവന ചെയ്യാൻ പറയുന്നു. സ്വന്തം നിലയ്ക്ക് വാങ്ങിയാൽ ബജറ്റിലെ മറ്റ് ചെലവുകൾ കുറയ്ക്കേണ്ടി വരുമെന്ന് പറയുന്നു. പ്രിയ രാജേഷ്, താങ്കൾക്ക് ഒരേയൊരു കാര്യം ചെയ്യാൻ കഴിയുമോ? കഴിഞ്ഞ ബജറ്റിൽ വാക്സിൻ സൗജന്യമെന്ന് പറഞ്ഞപ്പോൾ എത്ര തുകയാണ് അതിനു വകയിരുത്തിയതെന്ന് ഒന്നു പറയാമോ? അറിയില്ലെങ്കിൽ ഞാൻ പറയാം. പൂജ്യം രൂപ. അതുകൊണ്ടാണ് പണം കണ്ടെത്തേണ്ടി വന്നാൽ മറ്റ് ചിലവുകൾ കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി പറയുന്നത്.
അതെങ്ങനെ, ഖജനാവിൽ ബാക്കിയുള്ള 5000 കോടിയുടെ ഒറ്റനോട്ട് കൊടുത്താൽ 1400 കോടി കഴിഞ്ഞ് ബാക്കിക്ക് ചില്ലറ കിട്ടില്ലല്ലോ, അല്ലേ?

തുടർന്ന് ‘ഷൈലോക്കാണോ ഇന്ത്യ ഭരിക്കുന്നത്?’ എന്ന പോസ്റ്റുമായി എംബി രാജേഷ് എത്തി

ഷൈലോക്കാണോ ഇന്ത്യ ഭരിക്കുന്നത്?
എന്തൊരു ചതി ! 18-45 പ്രായപരിധിയിലുള്ള വർക്ക് വാക്സിനേഷൻ സ്വകാര്യ മേഖലയിൽ മാത്രം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ട്വീറ്റ്.18-45 പ്രായത്തിൽ പെട്ടവർ വാക്സിൻ എടുക്കാൻ എങ്ങിനെ രജിസ്റ്റർ ചെയ്യണമെന്ന് വ്യക്തമാക്കുന്ന ട്വീറ്റിലെ നാലാമത്തെ പോയിൻ്റിലാണ് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമേ വാക്സിൻ എടുക്കാനാവൂ എന്നു പറയുന്നത്. ലോകത്ത് ഒരിടത്തുമില്ലാത്ത വില വാക്സിന് ഈടാക്കി മുതലാളിമാർക്ക് കൊള്ളലാഭം ഉറപ്പാക്കുന്നതിന് പിന്നാലെയാണ് ഹൃദയശൂന്യമായ ഈ നടപടി. ശ്വാസം നിലച്ച് ആയിരങ്ങൾ പിടഞ്ഞു മരിക്കുന്ന മഹാദുരന്തത്തിൽ നിന്ന് കൊള്ളലാഭം കൊയ്യുന്ന മനുഷ്യ വിരുദ്ധരാണിവർ. മി. മോദി താങ്കൾ ഷേക്ക്സ്പിയർ കഥാപാത്രമായ ഷൈലോക്കിനെയാണ് ഓർമ്മിപ്പിക്കുന്നത്.വെൻറിലേറ്ററിൽ ഒരു രാജ്യം മുഴുവൻ ഊർദ്ധ്വശ്വാസം വലിക്കുമ്പോൾ ജനതയെ സ്വകാര്യ മൂലധനത്തിൻ്റെ ലാഭാർത്തിക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നു ഭരണകൂടം. അപ്പോഴും ഒരു കൂട്ടം മന:സാക്ഷിയില്ലാത്ത മനുഷ്യ വിരുദ്ധർ “മന്ന വേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം ” എന്ന് ന്യായീകരിച്ച് പുളക്കുന്നുണ്ട്. എന്തൊക്കെ ന്യായീകരണങ്ങളാണ് ഇക്കൂട്ടർ നിരത്തുന്നത്?
1. ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലത്രേ! ഇന്നും പത്രത്തിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച അനേകം മനുഷ്യരുടെ വാർത്തയുണ്ട്. സിലിണ്ടറുകൾ താങ്ങിപ്പിടിച്ച് ആശുപത്രിയിലേക്കോ ടുന്നവരുടെ ചിത്രങ്ങളുണ്ട്. ഇപ്പോൾ കേന്ദ്രം തരുന്ന 300 ടൺ കൊണ്ട് ഒന്നുമാവില്ല 1500 ടൺ ഓക്സിജൻ അടിയന്തിരമായി വേണമെന്ന് കർണാടകയിലെ BJP ക്കാരനായ ആരോഗ്യ മന്ത്രി പറഞ്ഞിട്ടുണ്ട്. ആശുപത്രികൾ ഓക്സിജനു വേണ്ടി കോടതി കയറിയിട്ടുണ്ട്. ഓക്സിജൻ കൊടുക്കൂ എന്നു പറഞ്ഞ് കോടതി തന്നെ പൊട്ടിത്തെറിച്ചിട്ടുണ്ട്.ഈ പൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങളുടെ നടുവിൽ കണ്ണുമടച്ചു നിന്ന് PlB യുടെ പത്രക്കുറിപ്പെന്ന കീറക്കടലാസും കാണിച്ച് 162 പ്ലാൻ്റ് തുടങ്ങാൻ തീരുമാനിച്ചുവെന്നും ഓക്സിജൻ ആവശ്യത്തിലേറെയായെന്നും ന്യായീകരിക്കുന്ന ഒരുത്തനുണ്ടെങ്കിൽ അവൻ മനുഷ്യ രൂപത്തോളം വളർന്ന ഒരു കാവി വൈറസായിരിക്കുമെന്ന് തീർച്ച.ആ വൈറസിന് വാക്സിൻ എന്നല്ല ആൻറി വെനം പോലും മതിയാവില്ല.
2. ഇന്ത്യയിലെ ഏക ഓക്സിജൻ മിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിൽ സംസ്ഥാന സർക്കാറിന് ഒരു പങ്കുമില്ലെന്ന് ! പിന്നെയോ? മോദിയുടെ മികവാണത്രേ !! എന്നാൽ പിന്നെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേയും മോദിക്ക് ഇതുപോലെ കടാക്ഷിച്ചു കൂടായിരുന്നോ? വേണ്ട സ്വന്തം മണ്ഡലം ഉൾപ്പെടുന്ന യുപി യെ എങ്കിലും?
കേന്ദ്രത്തിൻ്റെ കടലാസിൽ കൊട്ടി ഗ്ഘോഷിച്ച 162 പ്ലാൻ്റിൽ യു പി ക്ക് 14 ഉണ്ടായിരുന്നല്ലോ? തുടങ്ങിയതോ വട്ടപ്പൂജ്യം . കേരളം ഓക്സിജൻ മിച്ചമായത് മോഡിയുടെ മാജിക്. മോദിയും യോഗിയും മേയുന്ന യുപിയിലും ഗുജറാത്തിലുമൊക്കെ ഓക്സിജൻ ക്ഷാമത്തിന് കാരണമോ? അതു പിന്നെ പിണറായി തന്നെ.
3. കേന്ദ്രം തന്ന 5 പ്ലാൻ്റ് കേരളത്തിൽ തുടങ്ങിയില്ലെന്നും നിരീക്ഷിച്ചിട്ടുണ്ട് ഒരു വിദ്വാൻ .എന്നിട്ടും കേരളം ഓക്സിജൻ മിച്ചമായി. അതാ പറഞ്ഞത് മോദിയും കേന്ദ്രവുമല്ല കേരള സർക്കാരിൻ്റെ ആസൂത്രണമാണ് ഓക്സിജൻ മിച്ചമാവാൻ കാരണമെന്ന് .
4. കേന്ദ്രം ഇന്ത്യയിലാകെ 162 പ്ലാൻ്റിന് 201 കോടി കൊടുത്തെന്ന്. മഹാകാര്യമായിപ്പോയി. കേരളത്തിൻ്റെ സ്വന്തം പൊതുമേഖലാ സ്ഥാപനം KMML 58 കോടി രൂപക്കാണ് ഒരൊറ്റ വൻകിട പ്ലാൻ്റുണ്ടാക്കിയത്. അങ്ങിനെയാണ് കേരളം ഓക്സിജൻ മിച്ചമായത്. ആ ധൈര്യത്തിലാണ്, താനും തൻ്റെ വേണ്ടപ്പെട്ടവരും കേരളത്തിലായതു കൊണ്ടു മാത്രം പ്രാണവായു കിട്ടാതെ പിടഞ്ഞു തീരില്ല എന്ന ഒറ്റ ഉറപ്പിലാണ് ഇവരുടെ ന്യായീകരണം. ഇവരെയൊക്കെ അഹമ്മദാബാദിലോ ഭോപ്പാലിലോ ഉള്ള ആശുപത്രിയുടെ മുന്നിൽ കൊണ്ടു പോയാക്കണം. എന്നിട്ട് അവിടെ നിന്നിട്ട് ഉറക്കെ പറയട്ടെ ഓക്സിജൻ ക്ഷാമമില്ലെന്ന്. EDയോ മോഡിയോ വിചാരിച്ചാൽ പോലും തടി രക്ഷിക്കാനാവില്ല.
5. കേന്ദ്രത്തിൻ്റെ വാക്സിൻ നയ മാഹാത്മ്യം വാഴ്ത്തുന്നു വേറെ ചിലർ. ” ആരോഗ്യകരമായ മൽസരമുണ്ടാക്കുന്ന നയം ” ആണത്രേ കേന്ദ്രത്തിൻ്റെ. ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്ന മനുഷ്യർ ജീവൻ രക്ഷിക്കാനുള്ള മരുന്നിന് മൽസരിക്കുന്നത് ആരോഗ്യകരമാണത്രേ ! “അവിടെ കുറയുന്നതിൻ്റെ ഒരംശം മാത്രമേ ഇവിടെ കൂട്ടുന്നുള്ളൂ, അപ്പോൾ യഥാർത്ഥത്തിൽ ഇവിടെ കുറയുകയാണ് ” എന്നതിനേക്കാൾ ക്രൂരമായ ഫലിതമായിപ്പോയി ഇത് മന്ത്രി മഹോദയ്.
6. കേന്ദ്രത്തിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങൾക്ക് കൂടിയ വിലയും തെറ്റല്ലത്രേ. ‘ഒരു രാജ്യം ഒരു വിപണി ഒരു നികുതി ‘ എന്നാണ് ജി.എസ്.ടി കാലത്തെ മുദ്രാവാക്യം.മഹാമാരിക്കാലത്തോ?’ ഒരു വാക്സിൻ പല നിരക്ക് തോന്നിയ വില ‘. വാക്സിൻ സൗജന്യമായി കൊടുക്കും എന്ന കേന്ദ്രത്തിൻ്റെ വാക്കിനോ പുല്ലുവില.
7. ആരോഗ്യം സംസ്ഥാന വിഷയമാണ് എന്നാണ് ന്യായീകരിക്കാനുള്ള അറ്റകൈ പ്രയോഗം. ഇത് ഒരു ദേശീയ ദുരന്തമാണ് ദുരന്ത പരിവാരമേ. സുപ്രീം കോടതി പറഞ്ഞത് അത് നേരിടാൻ ദേശീയ പദ്ധതി ( National Plan ) വേണമെന്നാണ്. സംസ്ഥാനങ്ങൾ നോക്കട്ടെ എന്നു പറഞ്ഞ് കൈകഴുകാൻ കണ്ണിൽ ചോരയില്ലാത്ത, കഴിവുകെട്ട ഒരു കേന്ദ്ര ഭരണകൂടത്തിനേ കഴിയൂ.
8. അവസാനമായി നിങ്ങൾക്ക് വിശ്വാസമില്ലാത്ത, ഞങ്ങളുടെ ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്ക്ൾ 21 ഉണ്ട്. ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന അനുഛേദം. ജീവിക്കാനുള്ള അവകാശത്തിൽ പ്രാണവായുവിനും ജീവൻ രക്ഷാ വാക്സിനുമുള്ള അവകാശമുണ്ട്‌. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ജീവൻമരണ പോരാട്ടത്തിലാണിന്ന് ഇന്ത്യ. വിദൂഷകപ്പരിഷകൾ ന്യായീകരിക്കുന്നത് പ്രാണവായു നിഷേധിക്കുന്നതിനേയാണ്. പരിഹസിക്കുന്നത് മരിച്ചു വീഴുന്ന മനുഷ്യരേയാണ്. അവരുടെ ഉറ്റവരുടെ തീരാവേദനകളേയാണ്.അതുകൊണ്ട് ,വർഗ്ഗീയ വായ്നാറ്റം മാത്രമുളവാക്കുന്ന നിങ്ങളുടെ വാ തുറന്ന് ന്യായീകരണങ്ങൾ കൊണ്ട് അന്തരീക്ഷ വായുവിനെയെങ്കിലും ദുർഗന്ധപൂരിതമാക്കാതിരിക്കുക.
എം.ബി. രാജേഷ്
25.04.2021

‘വെറുതെയാണെങ്കിലും അണികളോട് ഇങ്ങനെയൊന്നും പറയല്ലേ സാറേ…’ എന്ന മറുപടി പോസ്റ്റാണ് ഇതിന് ശ്രീജിത്ത് പണിക്കർ ഇട്ടത്

വെറുതെയാണെങ്കിലും അണികളോട് ഇങ്ങനെയൊന്നും പറയല്ലേ സാറേ…
പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷ് ഇന്നലെയിട്ട ആക്ട് ഓഫ് ഗോഡ് പോസ്റ്റിനു ശേഷം വന്ന വാക്സിൻ–ഓക്സിജൻ പോസ്റ്റിലും തെറ്റിദ്ധാരണാജനകമായ പലകാര്യങ്ങളും ഉണ്ട്. ഒക്കെയും നേരത്തെ അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ തനിയാവർത്തനം ആയതുകൊണ്ട് എന്റെ വിശദീകരണങ്ങൾ ആവർത്തിക്കുന്നില്ല.
എങ്കിലും രസകരമായ രണ്ട് വസ്തുതകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. അത് നിങ്ങളോടും ഒന്നു പറയാമെന്ന് കരുതി.
[1] //കേരളത്തിൻ്റെ സ്വന്തം പൊതുമേഖലാ സ്ഥാപനം KMML 58 കോടി രൂപക്കാണ് ഒരൊറ്റ വൻകിട പ്ലാൻ്റുണ്ടാക്കിയത്. അങ്ങിനെയാണ് കേരളം ഓക്സിജൻ മിച്ചമായത്. ആ ധൈര്യത്തിലാണ്, താനും തൻ്റെ വേണ്ടപ്പെട്ടവരും കേരളത്തിലായതു കൊണ്ടു മാത്രം പ്രാണവായു കിട്ടാതെ പിടഞ്ഞു തീരില്ല എന്ന ഒറ്റ ഉറപ്പിലാണ് ഇവരുടെ ന്യായീകരണം.//
ചിരിയാണ് വരുന്നത്! കേരളത്തിന്റെ സ്വന്തം KMML 58 കോടി രൂപയ്ക്ക് ഉണ്ടാക്കിയ ഒരൊറ്റ വൻകിട പ്ലാന്റ് കൊണ്ടാണ് കേരളത്തിൽ ഓക്സിജൻ മിച്ചമായതത്രേ. കേരളത്തിലെ പ്രതിദിന മെഡിക്കൽ ഓക്സിജൻ ഉല്പാദനക്ഷമത ഏതാണ് 205 MT ആണ്. ഇതിൽ 149 MTയും ഉല്പാദിപ്പിക്കുന്നത് ഇനോക്സ് എന്ന സ്വകാര്യസ്ഥാപനമാണ്. ആവർത്തിക്കുന്നു, ‘സ്വകാര്യസ്ഥാപനമാണ്’. കൊച്ചിൻ ഷിപ്പ്‌യാർഡ്, ബിപിസിഎൽ തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും 11 ASUകളും ഉല്പാദിപ്പിക്കുന്ന ഓക്സിജൻ കൂടി ചേർത്താൽ 199 MT വരും. ബാക്കി വരുന്ന കേവലം 6 MT മെഡിക്കൽ ഓക്സിജനാണ് രാജേഷ് പറയുന്ന ഈ കേരളത്തിന്റെ സ്വന്തം വൻകിട പ്ലാന്റിൽ നിന്ന് കിട്ടുന്നത്. അതായത്, ആകെയുള്ള 205 MTയിൽ ഈ 6 MT ആണത്രേ കേരളത്തിൽ ഓക്സിജൻ മിച്ചമാക്കുന്നത്. എങ്ങനെയുണ്ട്?
KMML ന്റെ ആകെ പ്രതിദിന ഉല്പാദനക്ഷമത 70 MT ഓക്സിജൻ ആണ്. എന്നാൽ പരമാവധി 7 MT മെഡിക്കൽ ഓക്സിജൻ (99.99% ശുദ്ധം) മാത്രമാണ് അവർക്ക് ഉല്പാദിപ്പിക്കാവുന്നത്. ബാക്കിയുള്ളത് വ്യാവസായിക ഓക്സിജൻ (99.95% ശുദ്ധം) ആണെന്ന സത്യം രാജേഷ് കണ്ട ക്യാപ്സൂളിൽ ഉണ്ടാവില്ല.
ഇനി രാജേഷിന് വേറൊരു തമാശ കൂടി പറഞ്ഞു തരാം. കേരളത്തിലെ മെഡിക്കൽ ഓക്സിജന്റെ സിംഹഭാഗവും ഉല്പാദിപ്പിക്കുന്ന ഇനോക്സ് ആണ് നമ്മുടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പടെയുള്ള വലിയ ആശുപത്രികളിൽ ഓക്സിജൻ എത്തിക്കുന്നത്. ആരുടെ ധൈര്യത്തിലാണ് ‘താനും തന്റെ വേണ്ടപ്പെട്ടവരും കേരളത്തിലായതു കൊണ്ടു മാത്രം പ്രാണവായു കിട്ടാതെ പിടഞ്ഞു തീരില്ല’ എന്ന ഉറപ്പ് വരുന്നതെന്ന് മനസ്സിലായില്ലേ? സ്വകാര്യമേഖലയുടെ സംഭാവനയെക്കുറിച്ച് അറിയുമ്പോൾ ഒരു സന്തോഷമൊക്കെ തോന്നുന്നില്ലേ?
തീർന്നില്ല, തമിഴ്നാട്ടിലും കർണാടകത്തിലും ഓക്സിജൻ കയറ്റി അയയ്ക്കുന്നതും ഇതേ സ്വകാര്യസ്ഥാപനമാണ്. അയൽസംസ്ഥാനങ്ങളിൽ ഉള്ളവർക്ക് പ്രാണവായു കിട്ടാതെ പിടഞ്ഞു തീരില്ല എന്ന ഉറപ്പ് നൽകുന്നതിലും ഈ സ്വകാര്യസ്ഥാപനത്തിനു പങ്കുണ്ടെന്ന് മനസ്സിലായില്ലേ? ഇപ്പോൾ ആ സന്തോഷം വീണ്ടും കൂടിയില്ലേ? ആ… അതാണ്!
[2] //അവസാനമായി നിങ്ങൾക്ക് വിശ്വാസമില്ലാത്ത, ഞങ്ങളുടെ ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 21 ഉണ്ട്. ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന അനുഛേദം.//
ഇത്തവണ വരുന്നത് ചിരിയല്ല, സന്തോഷമാണ്. ‘ഞങ്ങളുടെ ഇന്ത്യൻ ഭരണഘടന’ എന്ന് ഏതൊരു കമ്യൂണിസ്റ്റുകാരൻ പറയുന്നത് കേൾക്കുമ്പോഴും ഉണ്ടാകുന്നത് സന്തോഷമാണ്. കാരണം മറ്റൊന്നുമല്ല, ഏതാണ്ട് 12 കൊല്ലം മുൻപ് നടന്ന ഒരു സംഭവമാണ്. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ സിപിഎം തീരുമാനിച്ചപ്പോൾ ലോക്സഭാ സ്പീക്കർ ആയിരുന്ന സോംനാഥ് ചാറ്റർജിയോട് തൽസ്ഥാനം രാജിവക്കാൻ പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യൻ ഭരണഘടനാപ്രകാരം സ്പീക്കർ നിഷ്പക്ഷൻ ആയിരിക്കണം എന്നതിനാൽ പാർട്ടി തീരുമാനത്തിനു വഴങ്ങുന്നത് ശരിയല്ലെന്ന് ചാറ്റർജി നിലപാട് സ്വീകരിച്ചു. അന്ന് പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന ബിമൻ ബോസ് പറഞ്ഞത് ഇങ്ങനെയാണ്: “ചാറ്റർജി ചെയ്തത് ഇന്ത്യൻ ഭരണഘടനാപ്രകാരം ശരിയായിരിക്കാം. പക്ഷെ ഞങ്ങളുടെ പാർട്ടിക്ക് സ്വന്തമായി ഒരു ഭരണഘടനയുണ്ട്. തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി നിയമങ്ങൾ പ്രകാരമാവണം.” അങ്ങനെ ഇന്ത്യൻ ഭരണഘടന പിന്തുടർന്ന ചാറ്റർജിയെ പാർട്ടി ഭരണഘടനയിലെ 19ആം അനുച്ഛേദപ്രകാരം പാർട്ടിയിൽ നിന്ന് പുറത്താക്കി. അതിനുശേഷം ഏതൊരു കമ്യൂണിസ്റ്റുകാരനും ‘നിങ്ങൾക്ക് വിശ്വാസമില്ലാത്ത ഞങ്ങളുടെ ഇന്ത്യൻ ഭരണഘടന’ എന്നുപറയുമ്പോൾ എനിക്ക് കുളിരുകോരും. എന്താല്ലേ?

 

തുടർന്ന് ‘വിടുവായൻമാർ കാണുന്നുണ്ടോ?’ എന്ന മറുപടിയുമായി എംബി രാജേഷ് എത്തി

വിടുവായൻമാർ കാണുന്നുണ്ടോ?
ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാർത്തകൾ.
1. ഓക്സിജൻ ഉൽപ്പാദനം കൂട്ടാൻ പാർലിമെൻ്ററി സമിതി നവംബറിൽ തന്നെ കേന്ദ്ര സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെൻ്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിൻ്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നൽകി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കൂട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)
2. പി എം കെയേഴ്സ് ഫണ്ടുപയോഗിച്ച് 551 പ്ലാൻ്റുകൾ ആരംഭിക്കാൻ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങൾ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോൾ പണമുണ്ടായിട്ടും നവംബറിൽ തന്നെ പാർലിമെൻ്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകൾ നാവിട്ടലക്കുകയായിരുന്നു.
3.80 ടൺ ഓക്സിജൻ സൗദി ഇന്ത്യക്ക് സൗജന്യമായി നൽകുമെന്ന വാർത്ത കൂടിയുണ്ട്.
പക്ഷേ ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായൻമാർ. ന്യായീകരണ യജ്ഞത്തിൽ പങ്കെടുത്തു തളർന്ന ആ വിടുവായൻമാരെ ഒന്ന് വിശ്രമിക്കാൻ അയക്കണം. അന്തമാനിലേക്കല്ല.അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കിൽ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കിൽ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ.

‘ദേ നമ്മുടെ പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷ് വീണ്ടും!’ എന്ന മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍

ഇതിന് പിന്നാലെ ഏപ്രില്‍ 26ന് എംബി രാജേഷ് ഒരു മറുപടി പോസ്റ്റ് ഇട്ടു

‘പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന് സ്നേഹപൂർവം…’ എന്ന പേരിലുള്ള പോസ്റ്റാണ് ശ്രീജിത്ത് പണിക്കര്‍ ഇട്ടത്

‘ഇന്ന് തന്നെ രൊക്കം’ എന്ന മറുപടിയുമായി മണിക്കൂറുകള്‍ക്കുള്ളില്‍ എംബി രാജേഷ് പുതിയ പോസ്റ്റുമായി എത്തി 

വാട്ടെബൗട്ടറിയിൽ എംഎ എന്നൊരു ബിരുദാനന്തരബിരുദ കോഴ്സ് മരമടി, സോറി, കാലടി സംസ്കൃത സർവകലാശാല എത്രയും പെട്ടെന്ന് തുടങ്ങണം: ശ്രീജിത്ത് പണിക്കർ 

ഇപ്പോൾ ചർച്ച എത്തിനിൽക്കുന്നത് ശ്രീജിത്ത് പണിക്കരുടെ ഈ പോസ്റ്റിൽ ആണ്. ഇരു ഭാഗവും ചേര്‍ന്ന് നിരവധിപ്പേരാണ് ഈ ചര്‍ച്ചകളോട് പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button