
തിരുവനന്തപുരം: ജനിതക വ്യതിയാനം ബാധിച്ച വൈറസുകളെ കുറിച്ച് നടത്തിയ പഠനത്തില്‍ രോഗവ്യാപന വേഗത കൂടുതല്‍ തീവ്രമാക്കുവാൻ ഇത്തരം വൈറസുകൾക്ക് കഴിയുമെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ള റിസ്‌ക് അസെസ്മെന്റ് പഠനത്തില്‍ രോഗവ്യാപന വേഗത, മരണ സാധ്യത, വാക്സിനുകളെ മറികടക്കാനുള്ള കഴിവ് എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് വിലയിരുത്തിയതെന്ന് മിഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടുമ്പോൾ ചികിത്സയും പരിചരണവും നല്‍കാന്‍ സാധിക്കാതെ വരുമെന്നും ആനുപാതികമായി മരണസംഖ്യയും ഉയരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ജനിതക വ്യതിയാനം ബാധിച്ച വൈറസുകള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ നമ്മള്‍ ഇതുവരെ പിന്തുടര്‍ന്ന രോഗപ്രതിരോധമാര്‍ഗങ്ങള്‍ ശക്തമാക്കണം. സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകള്‍ കൃത്യമായി ധരിക്കുക എന്നതാണ്. അല്ലെങ്കില്‍ ഡബിള്‍ മാസ്‌കിങ്ങ് ശീലമാക്കുക. മാസ്‌കുകള്‍ ധരിക്കുന്നതില്‍ കര്‍ശനമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അടച്ചിട്ടസ്ഥലങ്ങളിലെ സമ്പര്‍ക്കം ഒഴിവാക്കുക എന്നതും ആള്‍ക്കൂട്ടമൊഴിവാക്കുക എന്നതും നിര്‍ബന്ധമാണ്’. മുഖ്യമന്ത്രി പറഞ്ഞു.
‘ജനിതകവ്യതിയാനം വന്ന വൈറസുകള്‍ക്കെതിരേ പ്രതിരോധശക്തി നല്‍കാന്‍ വാക്സിനുകള്‍ക്കാകില്ല എന്ന പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. കേരളത്തില്‍ കണ്ടെത്തിയതില്‍ ഡബിള്‍ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്സിനുകളെ മറികടക്കാന്‍ അല്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയത്. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്’. അതുകൊണ്ട് പരമാവധി ആളുകള്‍ വാക്സിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments