![](/wp-content/uploads/2021/04/modi-covishield.jpg)
തിരുവനന്തപുരം: കേരളത്തിലെ വാക്സിനേഷന് തടസപ്പെടാതിരിക്കാനായി കൂടുതല്‍ ഡോസുകള്‍ നല്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് കൂടുതല്‍ വാക്സിന് ഇന്നെത്തും. 2,20,000 ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് എത്തുക.
കേരളത്തിനായി 50 ലക്ഷം കോവിഡ് വാക്സിന് കേന്ദ്രത്തിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 3,68,840 ഡോസ് വാക്സിനാണ് കേരളത്തില്‍ സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2.20 ലക്ഷം ഡോസുകള്‍ കൂടി കേരളത്തിലേയ്ക്ക് എത്തുന്നത്. മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കാനിരിക്കെ നിര്‍മ്മാണ കമ്പനികളില്‍ നിന്നും വാക്സിന് നേരിട്ട് വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അതേസമയം, ജനിതക വ്യതിയാനം വന്ന വൈറസുകള്‍ക്കെതിരെ പ്രതിരോധശക്തി നല്കാന് വാക്സിനുകള്‍ക്കാകില്ല എന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കണ്ടെത്തിയതില്‍ ഡബിള്‍ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്സിനുകളെ മറികടക്കാന്‍ അല്‍പ്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയത്. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് പരമാവധി ആളുകള്‍ വാക്സിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Post Your Comments