പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതോടെ പരസ്യ വിഴുപ്പലക്കലിലേക്ക് നീങ്ങിയ പാലക്കാട്ടെ കോണ്‍ഗ്രസില്‍ അവസാനിക്കാതെ വിവാദങ്ങൾ. ഫലപ്രഖ്യാപന ശേഷം പാര്‍ട്ടിയില്‍ വീണ്ടുമൊരു പൊട്ടിത്തെറി പ്രതീക്ഷിക്കുകയാണ് ഡി.സി.സിയില്‍ ഉള്ളവർ തന്നെ. സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.വി. ഗോപിനാഥ് ഉയര്‍ത്തിയ വിമതസ്വരമാണ് യു.ഡി.എഫിനെ ആഴ്ചകളോളം ആടിയുലച്ചത്.
ഉമ്മന്‍ ചാണ്ടി നേരിട്ടെത്തി ഗോപിനാഥിനെ മെരുക്കിയെങ്കിലും ശാന്തത താൽക്കാലികമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് എം.പി, ഗോപിനാഥിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. അത്രയെളുപ്പം തീര്‍ക്കാവുന്നതല്ല പാര്‍ട്ടിയിലെ ഗ്രൂപ്പിസം എന്നതിന് പ്രകടമായ സൂചനയായിരുന്നു ഇത്. തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് കുറെച്ചെങ്കിലും അനുകൂലമായാല്‍ ശ്രീകണ്ഠന് പിടിച്ചുനില്‍ക്കാം. മറിച്ചായാല്‍ വിമതസ്വരം കടുക്കുമെന്നുറപ്പ്.
അതേസമയം ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല സിപിഎമ്മിലെ അവസ്ഥയും. സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ എതിര്‍പ്പ് അവഗണിച്ച് സ്ഥാനാര്‍ഥിയാക്കിയ അഡ്വ. കെ. ശാന്തകുമാരിക്ക് കോങ്ങാട്ട് പ്രതീക്ഷിച്ച വോട്ട് കിട്ടാതെവന്നാലും ചര്‍ച്ചകളിലേക്ക് നയിക്കപ്പെടും. എ.കെ. ബാലെന്റ ഭാര്യ പി.കെ. ജമീലക്ക് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയുള്ള കോലാഹലവും എന്‍.എന്‍. കൃഷ്ണദാസ്, പി.കെ. ശശി എന്നിവര്‍ തഴയപ്പെട്ടതും പാലക്കാട് സി.പി.എമ്മില്‍ വീണ്ടും ചര്‍ച്ചയാകും. യു.ഡി.എഫ്, -എല്‍.ഡി.എഫ് വോട്ടുവ്യത്യാസം കുറവായ നെന്മാറയില് യു.ഡി.എഫിന് ബി.ജെ.പി വോട്ടുമറിച്ചുവെന്ന ആരോപണം എല്‍.ഡി.എഫ് ശക്തമായി ഉയര്‍ത്തുന്നു.
read also: കോവിഡ് വ്യാപനം മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍
സി.എം.പിയിലെ സി.എന്‍. വിജയകൃഷ്ണനാണ് നെന്മാറയില് യു.ഡി.എഫ് സ്ഥാനാര്‍ഥി. മലമ്പുഴയില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ടുമറിച്ചുവെന്ന് പരസ്യമായി ആരോപണം ഉന്നയിച്ചത് മന്ത്രി എ.കെ. ബാലനാണ്. വിടി ബാലറാമിന്റെ തട്ടകമായ തൃത്താലയിലെ ഫലം ഇടതിന് എതിരായാല്‍ അതും പുതിയ വിവാദത്തിന് വഴിമരുന്നിടും. സി.പി.എം ജില്ല ഘടകത്തിലെ വിഭാഗീയതയില്‍ ഒരുപക്ഷത്തുള്ള എം.ബി. രാജേഷിന് വിജയസാധ്യത കുറഞ്ഞ സീറ്റ് നല്‍കിയെന്ന ആരോപണം സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തന്നെ പാര്‍ട്ടിയില്‍ ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു.
Post Your Comments