തിരുവനന്തപുരം: വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇന്നും അഭൂതപൂർവ്വമായ തിരക്ക്. തിരുവനന്തപുരത്ത് പ്രായമായവരടക്കം നൂറുകണക്കിനാളുകളാണ് മണിക്കൂറുകളായി ക്യൂവിൽ നിൽക്കുന്നത്. രാവിലെ 7 മണി മുതൽ ഇവർ ഇവിടെ കാത്തു നിൽക്കുകയാണെന്നാണ് റിപ്പോർട്ട്. പൊരി വെയിലത്താണ് പലവിധ അസുഖമുള്ളവരടക്കം വാക്സിനേഷനായി കാത്തു നിൽക്കുന്നത്.
തലസ്ഥാന നഗരിയിലെ പ്രധാന വാക്‌സിന്‍ വിതരണ കേന്ദ്രമായ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കപ്പെട്ടില്ല. ക്യൂവിൽ നിൽക്കുന്നവർ സഹികെട്ട് പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്. അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ജനക്കൂട്ടം നിയന്ത്രിക്കണമെന്നും പ്രായമായവരെ ബുദ്ധിമുട്ടിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഹെൽത്ത് ഡയറക്ടറുടെ മൂക്കിന് താഴെയാണ് സംഭവം.
തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ വാക്സിൻ കേന്ദ്രം കെടുകാര്യസ്ഥതയുടെയും പ്ലാനിംഗ് ഇല്ലായ്മയുടെയും മകുടോദാഹരണമാണെന്ന് ക്യൂവിൽ നിൽക്കുന്നവർ പരാതിപറയുന്നുമുണ്ട്.യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് ആൾക്കൂട്ടം കാത്തു നിൽക്കുന്നത്.
Post Your Comments