കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന സൗജന്യ വാക്സിൻ വിതരണം ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം മൻ കി ബാത്തിൽ വ്യക്തമാക്കി. രണ്ടാം തരംഗത്തെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും സംസ്ഥാന സർക്കാരുകൾ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൻറെ 76-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
ആരോഗ്യ പ്രവർത്തകരുടെ പോരാട്ടത്തിന് പ്രധാനമന്ത്രി അഭിവാദ്യങ്ങൾ അർപ്പിച്ചു. രോഗവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 നെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനെക്കുറിച്ചുള്ള കള്ളപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തെക്കുറിച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ശശാങ്കുമായി പ്രധാനമന്ത്രി മോദി സംവദിക്കുകയും ചെയ്തു. ‘കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ, രോഗമുക്തിയും കൂടുന്നുണ്ട്. ഈ ഘട്ടത്തിൽ ആളുകൾ പരിഭ്രാന്തരാകരുതെന്നു,’ ഡോ. ശശാങ്ക് സംവാദത്തിനിടെ വ്യക്തമാക്കി. ഡോ. ശശാങ്കിനു പിന്നാലെ ആരോഗ്യപ്രവർത്തകരോടും അദ്ദേഹം സംസാരിക്കുകയുണ്ടായി.
Post Your Comments