കൊച്ചി: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് നിയന്ത്രണം.
നാളെ രാവിലെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഹോട്ടലുകള്‍ ബിവറേജസ് തുടങ്ങിയവയ്ക്ക് അഞ്ചുമണിക്ക് ശേഷം പാര്‍സലുകള്‍ നല്‍കാം. ജിമ്മുകള്‍, തിയറ്ററുകളും, പാര്‍ക്കുകളും എന്നിവ അടച്ചിടും. കല്യാണങ്ങള്‍ക്ക് 30 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രമേ അനുമതിയുള്ളു. ഫലത്തില്‍ ലോക് ഡൗണ്‍ തന്നെയാകും നടക്കുക. സിനിമാ ഷൂട്ടീംഗുകള്‍ക്കും നിരോധനമുണ്ട്.
മോഹന്‍ലാല്‍ ചിത്രമായ ബറോസിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഇതും നിര്‍ത്തേണ്ടി വരും. കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് ഗോവയിലെ ഷൂട്ടിങ് വേണ്ടെന്ന് വച്ച് കൊച്ചിയില്‍ ലാല്‍ എത്തിയതും. ഇവിടെ ഷൂട്ടിങ് നടക്കുകയും ചെയ്തു. ഇതിനൊപ്പം മറ്റ് ചില ചിത്രങ്ങളും കൊച്ചിയില്‍ ഷൂട്ടിങ് നടക്കുന്നുണ്ട്. ഇതെല്ലാം നിര്‍ത്തേണ്ടി വരും.
അഞ്ചുമണിക്ക് ശേഷം അനാവശ്യമായി ഇറങ്ങി നടക്കുന്നവര്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ സംസ്ഥാനത്ത് എറണാകുളത്തായിരുന്നു.
കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. ഇതനുസരിച്ച് ചെറിയ സ്വകാര്യ ആശുപത്രികള്‍ പൂര്‍ണമായും കോവിഡ് ആശുപത്രികള്‍ ആക്കാനാണ് നീക്കം. മാനേജ്‌മെന്റ്കളോട് ഇതു സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments