രാജ്യത്ത് കോവിഡ് മഹാമാരി വർധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർക്ക് നിയന്ത്രിക്കാൻ പോലും കഴിയാത്ത കോവിഡ് കേസുകളിൽ ആശങ്കയിലായി സംസ്ഥാനങ്ങൾ. എന്നാൽ എണ്ണമറ്റ കേസുകളിൽ പരിമിധിയിൽ കവിഞ്ഞ് ആശുപത്രി സൗകര്യങ്ങൾ ആവശ്യപ്പെടുമ്പോൾ നാം ചിന്തിക്കണമെന്ന കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ശങ്കു ടി ദാസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നിങ്ങൾ ഒരു ലക്ഷം മനുഷ്യർ ജീവിക്കുന്ന ഒരു നഗരത്തിന്റെ പരമാധികാരി ആണെന്ന് വിചാരിക്കുക. നഗരത്തിൽ എത്ര ആശുപത്രികൾ വേണം, എത്ര സ്കൂളുകൾ വേണം, എത്ര കോളേജുകൾ വേണം, എത്ര പാർക്കുകൾ വേണം, എത്ര പാലങ്ങൾ വേണം, എത്ര ബസ് സ്റ്റാന്റുകളും റെയിൽവേ സ്റ്റേഷനുകളും ടാക്സി ഹബ്ബുകളും വേണം, എത്ര ഷോപ്പിങ്ങ് മാളുകളും മാർക്കറ്റുകളും വേണം എന്നിങ്ങനെ ആ നഗരത്തിന്റെ സകലമാന കാര്യങ്ങളും ആസൂത്രണം ചെയ്യാനുള്ള അധികാരം നിങ്ങൾക്കാണ്. നിങ്ങളുടെ നഗരത്തിൽ എത്ര ആശുപത്രികളാണ് നിങ്ങൾ സ്ഥാപിക്കുക? നിങ്ങൾ നഗരാസൂത്രണം ചെയ്യുന്നതോ മുൻഗണനകൾ നിശ്ചയിക്കുന്നതോ കോവിഡ് കാലത്തോ കോവിഡ് മുൻകൂട്ടി കണ്ടോ അല്ലെന്ന് ഓർക്കണം. നഗരങ്ങൾ നിർമ്മിക്കപ്പെടുന്നത് അസാധാരണ സാഹചര്യങ്ങൾ കണ്ടു കൊണ്ടല്ലല്ലോ, സാധാരണവും സുഗമവുമായ ജനജീവിതം ലക്ഷ്യം വെച്ചല്ലേ? എത്ര ആശുപത്രികളാണ് നിങ്ങളുടെ നഗരത്തിലുള്ളത്? WHO standard അനുസരിച്ചാണെങ്കിൽ ഒരു നഗരത്തിൽ ഓരോ 1000 മനുഷ്യർക്കും 3 ഹോസ്പിറ്റൽ ബെഡ് വെച്ച് ചുരുങ്ങിയത് വേണം എന്നാണ് കണക്ക്.
അങ്ങനെയെങ്കിൽ ഒരു ലക്ഷം മനുഷ്യർ ഉള്ള നിങ്ങളുടെ നഗരത്തിൽ 300 ആശുപത്രി കിടക്കകളാണ് വേണ്ടത്. പക്ഷെ നിങ്ങൾ നിങ്ങളുടെ നഗരം കുറേ കൂടി മെച്ചപ്പെട്ടതായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അത് കൊണ്ട് WHO standardന്റെ രണ്ടിരട്ടി എന്ന കണക്കിൽ നിങ്ങൾ 600 ആശുപത്രി കിടക്കകൾ നഗരത്തിൽ സജ്ജമാക്കുന്നു. നൂറ് ബെഡുകൾ വീതമുള്ള നാല് ആശുപത്രികൾ നഗരത്തിന്റെ ഓരോ കോണിലും ഇരുന്നൂറ് ബെഡ് ഉള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നഗര ഹൃദയത്തിലും.
നിങ്ങളൊരു മികച്ച നഗരാസൂത്രകൻ ആണെന്ന് തന്നെയല്ലേ നിങ്ങൾ മനസ്സിൽ ധരിക്കുന്നത്?
എന്നാൽ ആ മികവും മിടുക്കും ഒക്കെ നിൽക്കുന്നത് ഒരു ലക്ഷം പേരുള്ള ഒരു നഗരത്തിൽ ഒരേ സമയം 300 പേർക്കാവും ആശുപത്രി സൗകര്യം ആവശ്യം വരിക എന്ന സാധാരണമായൊരു കണക്കിൽ ആണ്.
അതിരട്ടി ആയി 600 പേർക്ക് ഒന്നിച്ചു രോഗം വന്നാൽ പോലും നിങ്ങളുടെ മികവ് കൊണ്ട് നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ ആവും. എന്നാൽ ആയിരം പേർക്ക് ഒന്നിച്ചു രോഗം വന്നാലോ? രണ്ടായിരം ആശുപത്രി കിടക്കകൾ ഒന്നിച്ചു ആവശ്യം വന്നാലോ? രോഗികളുടെ സംഖ്യ മൂവായിരത്തിലേക്കോ അയ്യായിരത്തിലേക്കോ പോയാലോ? നിങ്ങളുടെ ഒരു മികവും മിടുക്കും ആസൂത്രണവും കൊണ്ടും നിങ്ങൾക്ക് ആ അവസ്ഥയേ നേരിടാൻ ആവില്ല. ആ അവസ്ഥയുടെ പേരാണ് മഹാമാരി. അതിനാണ് ഇംഗ്ലീഷിൽ പാൻഡെമിക് എന്ന് പറയുന്നത്. കോവിഡ് അങ്ങനെയൊരു പാൻഡെമിക് ആണ്. നമ്മുടെ എല്ലാ കണക്കുകളും തെറ്റിക്കുന്ന മഹാമാരി. അങ്ങനെയൊരു മഹാമാരി കാലത്ത് മനുഷ്യർ കാണിക്കേണ്ട ചില മര്യാദകളുണ്ട്. സാധാരണ കാലത്തെ സൗകര്യങ്ങളും സൗജന്യങ്ങളും സേവനങ്ങളും സംവിധാനങ്ങളും പ്രതീക്ഷിക്കാതിരിക്കുക എന്നതാണ് അതിലെ ആദ്യത്തെ മര്യാദ.
ചികിത്സ കിട്ടാതെ ഒരാളെങ്കിലും മരിക്കുക പാടില്ലാത്തതാണ്. പക്ഷെ പതിനായിരകണക്കിനാളുകൾ ഒരേ സമയം ചികിത്സ തേടുന്ന കാലത്ത് അവരിൽ ചിലർക്കെങ്കിലും ആ ദുര്യോഗമുണ്ടാവുന്നത് സങ്കടകരമെങ്കിലും സ്വഭാവികമാണ്. ജീവ വായു കിട്ടാതെ ഒരാൾ പോലും മരിക്കരുതാത്തതാണ്. പക്ഷെ ആയിരങ്ങൾ ഒരേ സമയം വെന്റിലേറ്റർ സപ്പോർട്ടിൽ കഴിയുന്ന ഒരു നഗരത്തിൽ പരിമിതമായ ഓക്സിജൻ സപ്ലൈയിൽ നിന്ന് ഊഴപ്രകാരം വീതം കിട്ടാത്തത് കൊണ്ട് ഒരു രോഗി മരിക്കുന്നത് വേദനാജനകമെങ്കിലും സ്വഭാവികമാണ്.
ആവശ്യമുള്ള എല്ലാവർക്കും ഐ.സി.യു ഫെസിലിറ്റി ലഭിക്കേണ്ടതാണ്. പക്ഷെ എല്ലാവർക്കും അത് കിട്ടില്ലെന്നതൊരു ദുഃഖ സത്യമാണ്. എല്ലാവർക്കും ആശുപത്രി കിടക്ക കിട്ടേണ്ടതാണ്. കൊടുക്കാൻ ആവില്ലെന്നതൊരു കയ്ക്കുന്ന സത്യമാണ്. മഹാമാരി കാലത്ത് അങ്ങനെയാണ്. നമ്മുടെ എല്ലാ വേണ്ടതുകളെന്ന നിയമങ്ങളെയും തെറ്റിക്കുന്ന വേണ്ടാദീനമാണ് അത്. അത് കൊണ്ടാണതിനെ നാം മഹാമാരി എന്ന് വിളിക്കുന്നത്.
കണക്ക് കൂട്ടി കൈകാര്യം ചെയ്യാവുന്നത് ആയിരുന്നെങ്കിൽ അത് നമുക്ക് വെറും മാരി ആയേനെ.
അങ്ങനെയൊരു കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ നിയമങ്ങളും വേറെയാണ്.
ചികിത്സ കിട്ടാതെ മരിച്ച ഒരാളെ കണ്ടെത്തി ഈ കുടുംബത്തിന്റെ വേദനയാണ് നാം എല്ലാവരും ഏറ്റെടുക്കേണ്ടത് എന്ന് പറയലല്ല അക്കാലത്തെ പ്രതിബദ്ധത. അയാൾക്ക് നിഷേധിക്കപ്പെട്ട കിടക്ക കിട്ടിയ മറ്റൊരു ഭാഗ്യവാനും അതേ നഗരത്തിലുണ്ട്. അയാളുടെ കുടുംബത്തിന്റെ വിശ്വാസവും പ്രതീക്ഷയും കൂടി നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. ആയിരം പ്രതിസന്ധികൾ അതിജീവിച്ചും എത്തിച്ചു കൊടുത്ത ഒരു ഒക്സിജൻ സിലിണ്ടർ കൊണ്ട് ജീവൻ നിലനിർത്തിയ നൂറ് കണക്കിന് ആളുകളെ അവഗണിച്ചു കൊണ്ട് അത് കിട്ടാതെ പോയ ഒരാളുടെ നഷ്ടത്തെ സമൂഹത്തിന്റെ പരിച്ചേദ്ദം ആയി അവതരിപ്പിക്കൽ അല്ല പ്രതിബദ്ധത.
ജീവിക്കുന്നവരുടെ ശ്വാസ താളത്തെ പൊതു സമൂഹത്തിന്റെ പ്രത്യാശ ആക്കി മാറ്റലാണ് പ്രതിബദ്ധത.
മനുഷ്യർക്കിടയിൽ നിന്ന് ജഡങ്ങൾ ചികഞ്ഞെടുക്കൽ അല്ല പ്രതിബദ്ധത. ജഡങ്ങൾക്കിടയിൽ നിന്ന് ജീവനുകളെ കണ്ടെടുക്കൽ ആണത്. നിങ്ങളുടെ സ്വപ്നം നഗരമാണ് ഉലഞ്ഞു നിൽക്കുന്നത്. ആ നേരത്ത് നിങ്ങളെ സഹായിക്കുന്നതിനു പകരം ആസൂത്രണ പിഴവിന് നിങ്ങളെ ആക്രമിക്കുന്നവരെ ആരെയും നിങ്ങൾ സുഹൃത്തായി കൂട്ടില്ല.
നിങ്ങൾ നഗരാധിപതി അല്ലാത്തപ്പോൾ പോലും നിങ്ങൾക്ക് വേണ്ട സാമാന്യ ബോധമാണത്.
പ്രതിസന്ധി കാലത്തെ പഴിയും വിമർശനവും പ്രതിസന്ധിയൊഴിയുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയോ സേവനമോ ആയി പരിഗണിക്കപ്പെടില്ല. ഈ രാജ്യം ഒരു മഹാവ്യാധിയോടുള്ള യുദ്ധത്തിലാണ്.
ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ ഒന്നും വയ്യെങ്കിൽ പോലും ഒറ്റക്കും തെറ്റക്കും ആക്രമിക്കാതെയെങ്കിലുമിരിക്കുക. വിശ്വാസവും പ്രതീക്ഷയും മാത്രമേ നമ്മെയിപ്പോൾ മുന്നോട്ട് നയിക്കുകയുള്ളൂ. നിരാശയും പരിവേദനവും നഷ്ടകണക്കുകളും നമ്മെ പിറകോട്ടടിക്കുകയേ ഉള്ളൂ.
ഈ അറിവിന് സാമാന്യ ബുദ്ധി എന്നാണ് പേര്. അതില്ലാത്ത ബുദ്ധി ജീവിതം ശപിതമാണ്.
Post Your Comments