KeralaLatest NewsNews

വെറുതെ വാക്സിൻ നൽകിയാൽ… കേന്ദ്രത്തിന് സഹസ്രകോടികളുടെ നഷ്ടമുണ്ടാവും; വ്യക്തത വരുത്തി കുറിപ്പ്

ലാഭമില്ലെന്ന അവസ്ഥയിൽ മറ്റ് വിദേശ കമ്പനികളും ഇന്ത്യയിലേക്ക് വരാനോ ഉത്പാദനം ആരംഭിക്കാനോ വാക്സിൻ തരാനോ തയ്യാറാവാതെയുമാവും.

എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണമെന്ന ആവശ്യം കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ തിരിച്ചറിയാത്ത ഒന്നാണ് അതിന്റെ പ്രത്യാഘാതം. വെറുതെ വാക്സിൻ കിട്ടണം എന്ന ആവശ്യം വാക്സിൻ ഉത്പാദനത്തെ തന്നെ ഇല്ലാതാക്കുമെന്ന ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി ശങ്കു ടി ദാസ്. സംസ്ഥാനങ്ങൾ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ കേന്ദ്രത്തിന് സഹസ്രകോടികളുടെ നഷ്ടമുണ്ടാവുമെന്ന വളരെ പഠനാത്മക വിലയിരുത്തൽ കുറിപ്പിലൂടെ പ്രതിപാദിച്ചിട്ടുണ്ട്.

ഫേയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണമെങ്കിൽ എന്ത് വേണം?
മുൻഗണനാ ക്രമത്തിൽ ആദ്യം വരുന്നവർക്കുള്ള 10 കോടി ഡോസ് വാക്സിൻ 150 രൂപയ്ക്കും പിന്നീടുള്ള ഡോസുകൾ എല്ലാം 400 രൂപയ്ക്കും എന്ന വാക്സിൻ ഉത്പാദകരുമായുള്ള വ്യവസ്ഥ ലംഘിച്ചു കേന്ദ്ര സർക്കാർ ഉത്പാദിപ്പിക്കപ്പെട്ട മുഴുവൻ ഡോസുകളും 150 രൂപ നിരക്കിൽ തന്നെ പിടിച്ചെടുക്കണം.
മുഴുവൻ ഡോസുകളും 150 രൂപയ്ക്ക് വിറ്റഴിക്കാൻ വാക്സിൻ നിർമാതാക്കളെ നിർബന്ധിതർ ആക്കണം. അങ്ങനെ ചെയ്‌താൽ എന്ത് സംഭവിക്കും? വാക്സിൻ കമ്പനികൾ ഉത്പാദനം നിർത്തി വെയ്ക്കും. അല്ലെങ്കിൽ പ്രൊഡക്ഷൻ കപ്പാസിറ്റി വർദ്ധിപ്പിക്കാതെയാവും. കൂടുതൽ സൗകര്യ വികസനത്തിനോ ഗവേഷണത്തിനോ ഇനി മിനക്കെടില്ല. കൂടുതൽ ജോലിക്കാരെ നിയമിച്ചു മാൻ പവർ വർദ്ധിപ്പിക്കുകയോ ആവശ്യ സാമഗ്രികൾ ഇറക്കുമതി ചെയ്യുകയോ ചെയ്യില്ല.

പുതിയ ഉത്പാദന ശാലകളും സ്റ്റോർ ഹൗസുകളും നിർമ്മിക്കാതെയാവും.
ലാഭമില്ലെന്ന അവസ്ഥയിൽ മറ്റ് വിദേശ കമ്പനികളും ഇന്ത്യയിലേക്ക് വരാനോ ഉത്പാദനം ആരംഭിക്കാനോ വാക്സിൻ തരാനോ തയ്യാറാവാതെയുമാവും. ചുരുക്കത്തിൽ വെറുതെ വാക്സിൻ കിട്ടണം എന്ന ആവശ്യം വാക്സിൻ ഉത്പാദനത്തെ തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുക. ഇനി കേന്ദ്ര സർക്കാർ 400 രൂപയ്ക്ക് വാങ്ങി വാക്സിൻ വെറുതെ കൊടുക്കണം എന്നാണ് ആവശ്യമെങ്കിൽ അത് സർക്കാരിന് മുകളിൽ 80000 കോടി രൂപയുടെ ബാധ്യത വരുത്തി വെയ്ക്കും.

അങ്ങനെ വന്നാൽ സർക്കാരിന് മറ്റ് മേഖലകളിൽ ഉള്ള ചിലവുകൾ എല്ലാം നിർത്തി വെയ്ക്കേണ്ടി വരും. അല്ലെങ്കിൽ നികുതി വർദ്ധിപ്പിച്ചു ജനങ്ങളിൽ നിന്ന് തന്നെ ഈ ബാധ്യത തിരിച്ചു പിടിച്ചു നികത്തേണ്ടി വരും.
ഇതിനേക്കാൾ ഒക്കെ എത്രയോ ലളിതവും ന്യായവുമായ കാര്യമാണ് വാക്സിൻ വില കൊടുത്ത് വാങ്ങാൻ ശേഷിയുള്ളവർ അങ്ങനെ ചെയ്യുകയും, സൗജന്യ വാക്സിൻ എന്നത് വില കൊടുക്കാൻ നിവൃത്തി ഇല്ലാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുക എന്നത്. എല്ലാവർക്കും സൗജന്യ വാക്സിൻ എന്നത് സർക്കാരിന്റെ ചിലവുകൾ പരമാവധിയും വരവുകൾ പരിമിതവും ആയിരിക്കുന്ന ഒരു മഹാമാരിയുടെ കാലത്ത് സാധ്യമല്ല. ലോകത്തൊരു രാജ്യത്തിനും അത് ചെയ്യാനുമാവില്ല. താരതമ്യത്തിൽ ഇപ്പോൾ തന്നെ നമ്മുടെ രാജ്യത്തെ വാക്സിൻ നിരക്ക് മറ്റേത് രാജ്യത്തേതിനേക്കാൾ കുറവാണ് എന്നോർക്കണം.

Read Also: രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഗോതമ്പ് കയറ്റുമതിയില്‍ 727 ശതമാനം വളര്‍ച്ച

ഇനി ഏതെങ്കിലും സംസ്ഥാനത്തിന് വാക്സിൻ സൗജന്യമായി നൽകണം എന്ന നയം ഉണ്ടെങ്കിൽ അവർ വാക്സിൻ നിർമാതാക്കൾളിൽ നിന്ന് വാക്സിൻ വില കൊടുത്തു വാങ്ങി ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് വേണ്ടത്. ഉത്തർ പ്രദേശും ആസാമും ബീഹാറും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അങ്ങനെയൊരു നയം സ്വീകരിച്ചിട്ടുണ്ട്.

അതിനും തയ്യാറാവാതെ ഞങ്ങൾക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യാൻ കേന്ദ്രം സൗജന്യമായി അത് വാങ്ങി തരണം എന്ന് പറയുന്നത് അന്യായമാണ്. ഇന്ത്യൻ ഭരണഘടന പ്രകാരവും പൊതുജനാരോഗ്യം എന്നത് സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഐറ്റം ആണ്. വസ്തുതകൾ ഇങ്ങനെയാണ് എന്നിരിക്കെ, എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയത്ത് സൗജന്യ വാക്സിൻ എന്നൊരു അനാവശ്യ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചെടുത്തു, രാജ്യത്തെ പൗരന്മാരെ അവരുടെ സർക്കാരിനെതിരെ തിരിക്കാനും അതിൽ നിന്ന് മുതലെടുക്കാനും ശ്രമിക്കുന്നത് അത്യന്തം നിന്ദ്യവും നീചവും നികൃഷ്ടവുമായ സമീപനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button