അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്തു. നേരത്തെ ചോദ്യം ചെയ്തപ്പോൾ വിജിലൻസ് പരിശോധനക്കിടെ കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ച 47.35 ലക്ഷം രൂപയുടെയും അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെയും രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഒരാഴ്ച സമയം അനുവദിച്ചിരുന്നു. രേഖകള്‍ കൈമാറിയ ഷാജിയോട് കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യൽ പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പിനായി പിരിച്ച തുകയാണ് വീട്ടില്‍നിന്ന് പിടിച്ചതെന്ന് നേരത്തേ വെളിപ്പെടുത്തിയ കെ.എം. ഷാജി പിരിച്ച തുകയുടെ രസീതുകളും കുടുംബസ്വത്ത് ലഭിച്ചതിന്റെ രേഖകളും, സ്ഥലം വാങ്ങിയതിന്റെ രേഖകളും ബിസിനസുകളിലെ ഓഹരികളുടെയും രേഖകളുമാണ് കൈമാറിയത്. ബാക്കി രേഖകള്‍ എത്തിക്കാന്‍ കൂടുതല്‍ സമയവും ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിച്ചശേഷം വീണ്ടും ഷാജിയെ ചോദ്യംചെയ്യുമെന്നും രേഖകള്‍ പരിശോധിച്ചാലേ ഇവയുടെ ആധികാരികത വ്യക്തമാവുകയുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെ.എം. ഷാജി ഹാജരാക്കിയ ഭൂരേഖകളുടെ സത്യാവസ്ഥ അറിയാന്‍ രജിസ്ട്രേഷന് വകുപ്പിന്റെ സഹായം തേടും. അക്കൗണ്ട് വിശദാംശങ്ങള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍നിന്ന് ശേഖരിക്കും. തെരഞ്ഞെടുപ്പ് ചെലവിലേക്ക് വന്‍തുക നല്‍കിയവരുടെ പേരുവിവരം ലഭ്യമായതിനാല്‍ ഇവരില്‍ നിന്നും മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Post Your Comments