ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതിന് പിന്നാലെ ഡൽഹിയിലെ രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തിയ പഠനം പുറത്തുവന്നു.
കൊറോണ വൈറസിന്റെ യുകെ വകഭേദമാണ് ഡൽഹിയിലെ കോവിഡ് തരംഗത്തിനു പിന്നിലെന്നാണ് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻസിഡിസി) പഠനത്തിൽ പറയുന്നത്. സാംപിളുകൾ അടിസ്ഥാനമാക്കിയുള്ള പഠന വിവരങ്ങളാണ് എൻസിഡിസി പുറത്തുവിട്ടത്. ഡൽഹിയിൽ യുകെ വൈറസ് വകഭേദത്തിന്റെ 400 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അതിതീവ്ര വ്യാപന ശേഷിയുള്ള യുകെ വൈറസാണ് ഡൽഹിയിലെ സ്ഥിതിഗതികൾ പ്രതിസന്ധിയിലാക്കിയതെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
യുകെ വകഭേദത്തിലുള്ള വൈറസിന് പുറമെ ഇന്ത്യയിലെ ഇരട്ട വകഭേദം വന്ന വൈറസും ഡൽഹിയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള 76 കേസുകളാണ് കണ്ടെത്തിയത്. ഇന്ത്യയിലാകെ യുകെ വകഭേദത്തിൽ 1,644 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെ 112 കേസുകൾ, ഒരു ബ്രസീൽ വകഭേദം, 732 ഇരട്ട വകഭേദ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിനോം സീക്വൻസിംഗ് വഴിയാണ് വൈറസ് വകഭേദങ്ങളും കേസുകളുടെ വർധനയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.
Post Your Comments