തിരുവനന്തപുരം: ഐപിഎല്ലിൽ സാന്നിധ്യം അറിയിച്ച് മലയാളി താരങ്ങൾ. ഈ സീസണിലെ ആദ്യ രണ്ട് സെഞ്ച്വറികളും സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ദേവ്ദത്ത് പടിക്കലും സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയെന്ന കാര്യത്തിൽ സംശയമില്ല.
സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെയാണ് സഞ്ജുവിന്റെ സെഞ്ച്വറി പിറന്നത്. 63 പന്തിൽ 119 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ സീസണിലെ നിലവിലെ ഏറ്റവും ഉയർന്ന സ്‌കോറും ഇതുതന്നെയാണ്. 145 റൺസുമായി രാജസ്ഥാന് വേണ്ടിയുള്ള റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് സഞ്ജു.പഞ്ചാബ് ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ വിജയത്തിന് അരികെ എത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. വെറും 4 റൺസ് അകലെ ടീം തോറ്റെങ്കിലും സഞ്ജുവായിരുന്നു കളിയിലെ താരം.
ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിലാണ് ദേവ്ദത്ത് കത്തിക്കയറിയത്. 52 ബോളിൽ 101 റൺസ് നേടിയാണ് ദേവ്ദത്ത് പടിക്കലെന്ന എടപ്പാളുകാരൻ പ്രതിഭ തെളിയിച്ചത്. സഞ്ജു സാംസണെ കാഴ്ചക്കാരനാക്കിയായിരുന്നു ദേവ്ദത്തിന്റെ പ്രകടനമെന്നതാണ് മറ്റൊരു സവിശേഷത. 137 റൺസുമായി ബാംഗ്ലൂരിന്റെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് പടിക്കൽ. മുഹമ്മദ് അസഹ്‌റുദീൻ, സച്ചിൻ ബേബി, കെ.എം. ആസിഫ്, വിഷ്ണു വിനോദ്, ബേസിൽ തമ്പി എന്നീ മലയാളി താരങ്ങളും വിവിധ ടീമുകളിലെ ബെഞ്ചുകളിൽ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്.
Post Your Comments