ഇരിട്ടി: താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്സിനേഷനായി എത്തിയവര്‍ ടോക്കണുവേണ്ടി തിരക്കു കൂട്ടിയത് പ്രശ്നങ്ങള്‍ക്കിടയാക്കി. അതിരാവിലെ നാലു മുതല്‍ എത്തി കാത്തുനിന്നവര്‍ എട്ടിന് ടോക്കണ്‍ കൊടുക്കാന്‍ ആരംഭിച്ചതോടെ തിരക്കുകൂട്ടിയതും തള്ളിക്കയറിയതുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഇതിനിടയില്‍ ടോക്കണ്‍ ലഭിച്ചവര്‍ അത് തിരിച്ചുകൊടുക്കാതെ പുറത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറിയതും ഇതുമൂലം യഥാര്‍ഥത്തില്‍ ടോക്കണ്‍ ലഭിച്ചവര്‍ക്ക് വാക്സിനെടുക്കാതെ തിരിച്ചുപോകേണ്ടിവന്നതും വന്‍ ബഹളത്തിനിടയാക്കി.
ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയേറ്റ ശ്രമത്തിനും ഇടയാക്കി. ഉച്ചകഴിഞ്ഞപ്പോൾ ടോക്കണ്‍ ലഭിച്ച് വാക്സിനേഷന് എടുത്തവര്‍ ടോക്കണുകള്‍ മേശപ്പുറത്തു വെക്കുന്നതായി കാണിച്ച് തിരിച്ചെടുത്തു കൊണ്ടുപോകുന്നത് ഇവിടെയിരുന്ന് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. തിരിച്ചുകൊണ്ടുപോയവര്‍ ഇത്തരം ടോക്കണുകള്‍ പുറത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറി. ഇങ്ങനെ നൂറോളം ടോക്കണുകള്‍ കൈമാറി എന്നാണ് അറിയുന്നത്.
വ്യാഴാഴ്ച 500 പേര്‍ക്ക് വാക്സിനേഷന് നല്‍കുമെന്നും ഇവര്‍ക്ക് രാവിലെ 10 വരെ ടോക്കണ്‍ നല്‍കുമെന്നുമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പുണ്ടായിരുന്നത്. ടോക്കണ്‍ കരസ്ഥമാക്കാനായി സ്ത്രീകള്‍ അടക്കം രാവിലെ നാലു മുതല്‍ ആശുപത്രി പരിസരത്ത് എത്തി. ഏഴ് ആകുമ്ബോഴേക്കും നൂറുകണക്കിന് പേര് സ്ഥലത്തെത്തിയെങ്കിലും എട്ടു മുതല്‍ മാത്രമേ ടോക്കണ്‍ വിതരണം ഉണ്ടാകുള്ളൂ എന്ന വിവരമാണ് ഇവര്‍ക്ക് കിട്ടിയത്. ഇതിനിടയില്‍ മണിക്കൂറുകളായി കാത്തുനിന്ന പലരും അസ്വസ്ഥമാകുന്നത് കാണാമായിരുന്നു.
വന്നവര്‍ വന്നവര്‍ നിരന്നു നിന്ന് ഒരു ക്യൂ രൂപപ്പെട്ടുവെങ്കിലും ഇതില്‍ ഉള്‍പ്പെടാതെ പലരും പലയിടങ്ങളിലായി കൂട്ടം കൂടി നില്ക്കുന്നതും കാണാമായിരുന്നു. ഒടുവില്‍ എട്ടു മുതല്‍ ടോക്കണ്‍ വിതരണം ആരംഭിച്ചതോടെ ക്യൂവില്‍ നില്‍ക്കുന്നവരെ മറികടന്ന് പലയിടങ്ങളിലായി കൂടിനിന്നവര്‍ ടോക്കണുവേണ്ടി തള്ളിക്കയറിയതാണ് ആദ്യം ബഹളങ്ങള്‍ക്കിടയാക്കിയത്. ഇത് വാക്കേറ്റങ്ങള്‍ക്കും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു.
ആരോഗ്യപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് തല്ക്കാലം പ്രശ്നങ്ങള്‍ തണുപ്പിച്ച് 500 ടോക്കണുകള്‍ നല്കി വാക്സിനേഷനും തുടങ്ങി. ആശുപത്രി അധികൃതര്‍ നല്കിയ 500 ടോക്കണുകള്‍ പ്രകാരമുള്ള വാക്സിനേഷന് പൂര്‍ത്തിയാക്കുകയും മരുന്ന് തീരുകയും ചെയ്തു. അപ്പോഴാണ് നൂറോളം പേര് ടോക്കണുമായി പുറത്തു കാത്തുനില്‍ക്കുന്നതായി അറിയുന്നത്. ഇത് വന്‍ ബഹളത്തില്‍ കലാശിക്കുകയായിരുന്നു.
ടോക്കണെടുത്ത് പുറത്തു നില്ക്കുന്നവര് ഓഫിസിലേക്ക് ഇരച്ചുകയറുകയും ബഹളത്തിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ൈകയേറ്റ ശ്രമം വരെ ഉണ്ടാവുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി പൊലീസ് എത്തിയാണ് എല്ലാവരെയും സ്ഥലത്തുനിന്നും മാറ്റിയത്. അതേസമയം ഇരിട്ടി താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്നത് കണ്ടെയ്ന്മെന്റ് സോണിലാണ്.
Post Your Comments