പൂനെ: ഓൺലൈൻ തട്ടിപ്പിലൂടെ 60 കാരിയ്ക്ക് നഷ്ടപ്പെട്ടത് നാലു കോടിയോളം രൂപ. പൂനെയിലാണ് സംഭവം. 2020 സെപ്തംബർ മാസം മുതൽ വിവിധ ഘട്ടങ്ങളിലായാണ് 60 കാരിയ്ക്ക് പണം നഷ്ടമായത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഇവർ സൈബർ പോലീസിൽ പരാതി നൽകി.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഒരാളെ പരിചയപ്പെട്ടതിലൂടെയാണ് സ്ത്രീ തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീണതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 2020 ഏപ്രിൽ മാസത്തിലാണ് ബ്രിട്ടണിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ വയോധികയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്. പിന്നീട് അഞ്ചു മാസം കൊണ്ട് ഇയാൾ ഇവരുടെ വിശ്വാസം നേടിയെടുത്തു. പിന്നീടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
60 കാരിക്ക് ജന്മദിന സമ്മാനമായി ബ്രിട്ടനിൽനിന്ന് ഒരു ഐഫോൺ അയച്ചിട്ടുണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. ഇതോടെയാണ് വൻ തട്ടിപ്പിന് തുടക്കമായത്. ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസിനായി പണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ആദ്യം സ്ത്രീയിൽ നിന്നും പണം തട്ടിയെടുക്കുന്നത്. ഇതിനുശേഷം കൊറിയർ ഏജന്റുമാരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും പരിചയപ്പെടുത്തി വിളിച്ചവരും സ്ത്രീയിൽ നിന്ന് പണംതട്ടി. ബ്രിട്ടനിൽ നിന്നുള്ള കൊറിയറിൽ മൊബൈൽ മാത്രമല്ലെന്നും സ്വർണാഭരണങ്ങളും വിദേശ കറൻസിയും ഉണ്ടെന്നും അതിനാൽ കൂടുതൽ പണം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നും പറഞ്ഞ് വീണ്ടും വയോധികയെ ഇയാൾ പറ്റിച്ചു.
Read Also: കേരളത്തിൽ വാക്‌സിൻ സൗജന്യമായി നൽകും; നിലപാട് വ്യക്തമാക്കി തോമസ് ഐസക്ക്
ഇതനുസരിച്ച് 2020 സെപ്റ്റംബർ മുതൽ ഏകദേശം 3.98 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്ത്രീ അയച്ചു നൽകി. വീണ്ടും പണം ആവശ്യപ്പെട്ട് ഫോൺവിളികൾ വന്നതോടെയാണ് സംഭവത്തിൽ സംശയം തോന്നിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments