ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി വീഴ്ത്തിയത് ശാരീരികമായിട്ടാണെങ്കിൽ ചെറിയാനോട് കാണിച്ചത് അതിനെക്കാൾ വലിയ ക്രൂരതയാണെന്നും, ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. സി.പി.എം കേരളത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് ശേഷം ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം.
ദീർഘകാലത്തെ സംശുദ്ധമായ രാഷ്ട്രീയപാരമ്പര്യമുള്ള ചെറിയാൻ ഫിലിപ്പിന് സി.പി.എം രാജ്യസഭാസീറ്റ് നിഷേധിച്ചത് വലിയ ക്രൂരതയാണ്. അങ്ങനെയുള്ള ഒരാൾ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തിനുമുന്നിൽ വാതിൽ അടച്ചിടില്ലെന്നും വി. മുരളീധരൻ പറഞ്ഞു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് ചെറിയാൻ ഫിലിപ്പാണെന്നും അദ്ദേഹവുമായി ബി.ജെ.പി സംസാരിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
രാജ്യസഭാ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച്, ‘വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ലെന്ന’ ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വി. മുരളീധരന്റെ പ്രതികരണം.
Post Your Comments