റഷ്യയിലെ ഒരു മൃഗശാലയില്‍ 25 വയസുള്ള ധ്രുവക്കരടിക്ക് ദാരുണാന്ത്യം. റഷ്യയിലെ യെക്കാടെറിന്‍ബര്‍ഗിലുള്ള മൃഗശാലയിലാണ് സംഭവം. ഏപ്രില്‍ 19 ന് രാവിലെയാണ് ഉംക എന്നു പേരുള്ള ആണ്‍ ധ്രുവക്കരടി ചത്തത്. മൃഗശാലയില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്ന് കരടി നിലത്തു വീഴുകയായിരുന്നു. ഇതു കണ്ടുനിന്ന മൃഗശാലയിലെ ജോലിക്കാരന്‍ ഉടന്‍തന്നെ മൃഗരോഗ വിദഗ്ധരെ വിവരമറിയിച്ചു.
നിമിഷങ്ങള്‍ക്കകം ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഉംക ചത്തിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കരടിയുടെ ശരീരത്തിനുള്ളില്‍ റബര്‍ പന്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടിനുള്ളില്‍ റബര്‍ പന്ത് വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും സന്ദര്‍ശകരില്‍ ആരോ എറിഞ്ഞു കൊടുത്തത് കരടി അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നുവെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കി.
ഐന എന്ന പെണ്‍ ധ്രുവക്കരടിയുമായി ഉംക വളരെ സമയം പങ്കിടാറുണ്ടായിരുന്നു. ഉംകയുടെ മരണത്തോടെ ഐനയും വിഷമത്തിലാണെന്ന് മൃഗശാലയിലെ ജീവനക്കാര്‍ പറയുന്നു. 1998ലാണ് ഉംകയെ മൃഗശാലയിലെത്തിച്ചത്. വേട്ടക്കാരുടെ ആക്രമണത്തെത്തുടര്‍ന്ന് അമ്മ ചത്ത ശേഷം ഭക്ഷണത്തിനായി അലഞ്ഞ കരടിക്കുഞ്ഞിനെ തെരുവുനായകള്‍ ആക്രമിച്ചിരുന്നു. അവിടെനിന്നും പ്രദേശവാസികളാണ് ഉംകയെ രക്ഷിച്ച് മൃഗശാലയിലെത്തിക്കുകയായിരുന്നു.
Post Your Comments