തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പറഞ്ഞത് ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനെ അറിയിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. വാക്‌സിന്‍ തരാനുളള ബാദ്ധ്യത അവര്‍ക്കുണ്ട്, അത് നല്‍കേണ്ടതാണ്. അതാണ് സംസ്ഥാനം അറിയിച്ചത്. സംസ്ഥാനത്തിന്റെ പ്രായോഗിക വിഷമങ്ങള്‍, പ്രശ്‌നങ്ങള്‍, കൊവിഡിനെതിരായ പോരാട്ടം ഉണ്ടാക്കിയ ബാദ്ധ്യതകള്‍ എന്നിവയ്ക്കുമേലെ ഭാരം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഇത് കേന്ദ്രത്തെ അറിയിക്കുന്നതില്‍ ഒരു രാഷ്ട്രീയ പ്രശ്‌നവുമില്ല.
ഇത് അറിയിക്കുക എന്നത് സംസ്ഥാനം ചെയ്യേണ്ട കാര്യമാണ്. കേന്ദ്ര സര്‍ക്കാരാണ് കൃത്യമായി തീരുമാനം എടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ വഹിക്കേണ്ട ബാദ്ധ്യത അവര്‍തന്നെ വഹിക്കണം എന്നൊരു സംസ്ഥാനം ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റും ഇല്ല. അതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുളള ഭീതി സംസ്ഥാനത്ത് ഉയര്‍ന്നു വരികയുമില്ല. ഇതിനകത്ത് സംസ്ഥാന ഗവണ്‍മെന്റ് ചെയ്യേണ്ടതെന്താണോ അത് കൃത്യമായി ചെയ്യുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Post Your Comments