ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി എം എ ബേബി. കുടുംബാംഗത്തെപ്പോലെയായിരുന്ന ആഷിഷിന്റെ വിയോഗം വേദനാജനകമെന്നും എം എ ബേബി ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘വളരെ വേദനിപ്പിക്കുന്നൊരു വാര്‍ത്തയാണ് ആഷിഷിന്റെ മരണം. കാരണം ഞങ്ങള്‍ ഒരു കുടുംബത്തെപ്പോലെയാണ് ഡല്‍ഹിയില്‍ എസ് എഫ് ഐയുടെ പ്രവര്‍ത്തനകാലത്തു ജീവിച്ചിരുന്നത്. ആശിഷിന്റെ ചേച്ചിയെ ചിക്കു എന്നാണു ഞങ്ങള്‍ ഓമനപ്പേരിട്ട് വിളിക്കുന്നത്. അവരെല്ലാം ബെറ്റിയുടെയും എന്റെയും കണ്മുന്പിലാണ് വളര്‍ന്നത്. എസ്‌എഫ്‌ഐയുടെ ഓഫീസില്‍ അവര്‍ വരാറുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒത്തു കൂടാറുണ്ടായിരുന്നു. ദില്ലിയിലെ ഒരു ഒറ്റമുറി വീട്ടിലാണ് സീതാറാമും ആശിഷിന്റെ അമ്മയും അന്ന് താമസിച്ചിരുന്നത്.’
‘ഞങ്ങള്‍ അവരുടെ വീട്ടില്‍ പോകുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. കുഞ്ഞുങ്ങളുമായും കളിക്കാറുണ്ടായിരുന്നു. അതിനു ശേഷം കേരളത്തിലേക്ക് മാറിയപ്പോള്‍ ആ കുട്ടികളുമായുള്ള ബന്ധം വിട്ടു പോയിരുന്നു. പിന്നെ വളര്‍ന്നു യുവാവായതിനു ശേഷമാണ് കാണുന്നത്. വളരെ യാദൃശ്ചികമായിട്ടാണ് യാത്രക്കിടയില്‍ ആശിഷിന്റെ വിവാഹ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നത്.
read also: BREAKING: സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് അന്തരിച്ചു
ബെറ്റിക്കും എനിക്കും ഒരു കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രാവിലെ ഈ ദുഃഖവാര്‍ത്തയറിഞ്ഞു സീതാറാമിനെ വിളിച്ചു. സഖാവുമായി ഫോണില്‍ സംസാരിച്ചു. ഇതുപോലൊരു സന്ദര്‍ഭത്തില്‍ കരുത്താര്‍ജ്ജിക്കുക, മനോബലം നേടുക, ഈ ദുഖത്തെ മറികടക്കാനുള്ള ശേഷി സമ്ബാദിക്കുക എന്ന് സഖാവിനോട് പറഞ്ഞു. സഖാവ് വല്ലാതെ മാനസികമായി ക്ഷീണിച്ചിട്ടുണ്ട്.
പക്ഷെ ഈ സാഹചര്യത്തെ നേരിടുകയല്ലാതെ മാര്‍ഗമില്ല. ഒരു കുടുംബാംഗത്തെപോലെ വളര്‍ന്ന ഒരാളിന്റെ വേര്‍പാട് കൊവിഡുമായി ബന്ധപ്പെട്ടു ഉണ്ടാകുമ്പോഴാണ് ഈ കൊവിഡിന്റെ ഭീകരത അതിന്റെ പൂര്‍ണരൂപത്തില്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. പ്രിയ സഖാക്കളുടെ മകന്‍ ആശിഷിന്റെ മരണത്തില്‍ അതീവ ദുഃഖവും അനുശോചനവും അറിയിക്കുന്നു.’
Post Your Comments