COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ്​ വ്യാപനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷം പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കൊവിഡ് വ്യാപനത്തില്‍ മുന്നോട്ട് കുതിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. നേരത്തേ കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷം കടക്കും.

Read Also : ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

100 ല്‍ 19 പേര്‍ക്കെന്ന വിധമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗബാധ. പ്രതിദിന മരണവും കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. രോഗവ്യാപനം തീവ്രമാകുമ്ബോള്‍ ദിനം പ്രതി വാക്സീന്‍, ഓക്സിജന്‍ പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുകയാണ്. ഇതിനിടെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്‍റെ ഉത്പാദന പരിധി കേന്ദ്രം കൂട്ടി. 38 ലക്ഷം വയലില്‍ നിന്നും 78 ലക്ഷം വയലാക്കിയാണ് ഉത്പാദന പരിധി ഉയര്‍ത്തിയത്. കടുത്ത പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലേക്ക് റെംഡിസിവിറിന്‍റെ ഭൂരിഭാഗം ഡോസും എത്തിക്കും. കൂടുതലായി 20 മരുന്നുല്‍പ്പാദനകേന്ദ്രങ്ങള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

19 സംസ്ഥാനങ്ങളിലേക്കായിരിക്കും പുതുതായി ഉത്പാദിപ്പിക്കുന്ന റെംഡിസിവിറിന്‍റെ ഭൂരിഭാഗം പുതിയ ഡോസുകളും എത്തിക്കുക. ഇതില്‍ സിംഹഭാഗവും കൊവിഡ് രോഗവ്യാപനം പിടിവിട്ടുയരുന്ന മഹാരാഷ്ട്രയിലേക്ക് എത്തിക്കും. മഹാരാഷ്ട്രയ്ക്ക് 2,69,200 വയല്‍ റെംഡിസിവിര്‍ നല്‍കുമ്ബോള്‍, ഗുജറാത്തിന് 1,63,500 വയലുകളും, ഉത്തര്‍പ്രദേശിന് 1,22,800 വയലുകളും മധ്യപ്രദേശിന് 92,400 വയലുകളും, ദില്ലിയ്ക്ക് 61,900 ഡോസുകളും നല്‍കും.

ഓക്സിജന്‍ സപ്പോര്‍ട്ടോടു കൂടി ചികിത്സ അത്യാവശ്യമായ രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് റെംഡിസിവിര്‍. മരുന്നിന്‍റെ ആവശ്യകത രാജ്യത്ത് കുത്തനെ കൂടിയതോടെ, റെംഡിസിവിറിന്‍റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളോട് ഈ ജീവന്‍രക്ഷാമരുന്ന് വളരെ കരുതലോടെ ഉപയോഗിക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. റെംഡിസിവിര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതും പൂഴ്ത്തിവയ്ക്കുന്നതും കര്‍ശനമായി തടയണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button