ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ആശങ്കയാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി 8.45നാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറയ്ക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ അദ്ദേഹം ജനങ്ങളുമായി പങ്കുവെയ്ക്കുമെന്നാണ് കരുതുന്നത്. നേരത്തെ, വാക്‌സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
അടുത്തിടെ വിവധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി യോഗം ചേർന്നിരുന്നു. രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ മൂന്ന് തവണയാണ് അദ്ദേഹം ഉന്നതതല യോഗം വിളിച്ചത്. രാജ്യത്തെ ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം അടുത്തിടെ അവലോകനം ചെയ്തിരുന്നു.
Post Your Comments