രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസവും 18 മുതൽ 19 മണിക്കൂർ വരെ ജോലി ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പീയുഷ് ഗോയൽ ഇക്കാര്യം പറഞ്ഞത്. കേന്ദ്രസർക്കാർ ദിവസത്തിലെ 24 മണിക്കൂറും കോവിഡിനെതിരായ പോരാട്ടത്തിന് സുസജ്ജമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പശ്ചിമ ബംഗാളിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മടങ്ങിയെത്തിയ അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ചില പ്രതിപക്ഷ പാർട്ടികൽ രോഗപ്രതിരോധത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നുണ്ടെന്നും അത് മോശമാണെന്നും പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു.
ചില ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ തന്നെ അങ്ങനെ ചെയ്യുമ്പോൾ അത് വളരെ മോശമായി തോന്നുന്നുണ്ടെന്നും പീയുഷ് ഗോയൽ പറഞ്ഞു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 12 സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മെഡിക്കൽ ഓക്‌സിജൻ വിതരണത്തിനുള്ള വഴി തേടാൻ കേന്ദ്രസർക്കാർ പദ്ധതിയിടുകയാണെന്നും പീയുഷ് ഗോയൽ അറിയിച്ചു.
Post Your Comments