മുംബൈ: കാൽ വഴുതി പാളത്തിൽ വീണ കുരുന്നിന്റെ ജീവൻ രക്ഷിച്ച റെയിൽവേ ജീവനക്കാരനാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ സൂപ്പർ ഹീറോ. മയൂർ ഷാൽക്കെ എന്ന റെയിൽവേ ജീവനക്കാരന് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹം തുടരുകയാണ്. ഏപ്രിൽ 17ന് മുംബൈ റെയിൽവേ സ്‌റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ റെയിൽവേയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
‘ഞാൻ കുട്ടിക്കരികിലേക്ക് ഓടിയെങ്കിലും എന്റെ ജീവനും അപകടത്തിലാവുമല്ലോ എന്ന്ഒരു നിമിഷം ഞാൻ ചിന്തിച്ചു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണുകാണില്ലായിരുന്നു. അതിനാലാണ് അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയത്. അവർ വളരെയധികം വികാരാധീനയായി. എന്നോട് ഒരുപാട് നന്ദി പറഞ്ഞു’, ഷാൽക്കെ പറഞ്ഞു.
അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്നു കുഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് വീണത്. അബദ്ധത്തിൽ റെയിൽവേ പാളത്തിലേക്ക് വീണ കുഞ്ഞിനെ അസാധാരണ ധൈര്യത്തോടെയാണ് മയൂർ ഷാൽക്കെ രക്ഷിച്ചത്. ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേയ്ക്ക് കുതിച്ചെത്തിയ ഷാൽക്കെ ഞൊടിയിടക്കുള്ളിൽ കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേയ്ക്ക് തിരികെ കയറ്റുകയായിരുന്നു. കുട്ടിയെ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുകയറ്റിയ ശേഷം ഷാൽക്കെ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടിയതും ട്രെയിൻ കടന്നുപോയതും ഒരുമിച്ചായിരുന്നു.
Post Your Comments