ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി വിധി അന്തിമമല്ലെന്നും അതിന് മുകളിൽ കോടതി ഉണ്ടല്ലോയെന്നും സി.പി.എം നേതാവ് എ.എൻ. ഷംസീർ. കെ.ടി. ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് അദ്ദേഹത്തിനെതിരായ ലോകായുക്ത വിധിക്ക് പ്രസക്തിയില്ലെന്നും ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജലീൽ ഏതെങ്കിലും തരത്തിൽ അഴിമതിക്ക് കൂട്ട് നിൽക്കുന്ന വ്യക്തിയല്ലെന്നും, ന്യൂനപക്ഷ കമ്മീഷൻ സ്ഥാനത്തിരുന്ന് മുസ്ലീം ലീഗ് നടത്തിയ കൊള്ള തുറന്നുകാട്ടാനാണ് അതിന് പ്രാപ്തനായ ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം നിയമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലീലിന് ഏതെങ്കിലും തരത്തിലുള്ള തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ല എന്ന് സി.പി.എമ്മിന് ബോധ്യമുണ്ടെന്നും, മുസ്ലീംലീഗിന്റെ ഭരണ കാലത്ത് ന്യൂനപക്ഷ കമ്മീഷനിൽ നിന്ന് കടമെടുത്തവരാര്, അതൊക്ക അവർ തിരിച്ചടച്ചോ എന്നതൊന്നും ഹൈക്കോടതി പരാമർശിച്ചിട്ടില്ലെന്നും ഇതിനെക്കുറിച്ച് കൂടി ഹൈക്കോടതി പറയേണ്ടതായിരുന്നുവെന്നും ഷംസീർ വ്യക്തമാക്കി.
ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചതെന്നും നാട്ടിലെ നിയമവ്യവസ്ഥ അംഗീകരിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി അന്തിമമല്ലെന്നും, അതിന് മേലെയും കോടതി ഉണ്ടെന്നും ഷംസീർ കൂട്ടിച്ചേർത്തു.
Post Your Comments