പാരീസ്: ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് ഖത്തർ ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. സൂപ്പർ ലീഗ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് മുൻ നിര ക്ലബ്ബുകൾ പിന്മാറിയില്ലെങ്കിൽ താരങ്ങളെ വിലക്കാനാണ് യുവേഫയുടെ തീരുമാനം. യുവേഫ, ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ (എഫ്.എ), ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ, ലാലിഗ, ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ, സീരി എ എന്നിവ സംയുക്തമായാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
Also Read: വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൂപ്പർ ലീഗ് വരുന്നു; കടുത്ത എതിർപ്പുമായി ഫിഫയും യുവേഫയും
ക്ലബ്ബുകൾക്ക് നിലവിലുള്ള ലീഗുകളിൽ മത്സരിക്കാൻ കഴിയില്ല എന്നു മാത്രമല്ല, കളിക്കാർക്ക് ഫെഡറേഷനുകളുടെ കീഴിലുള്ള ദേശീയ ടീമുകളിലും അവസരമുണ്ടാകില്ല. ഇതോടെയാണ് മെസിയും റൊണാൾഡോയും ഡിബ്രുയ്‌നെയും ഗ്രീസ്മാനും അടക്കമുള്ള നിരവധി സൂപ്പർ താരങ്ങൾക്ക് ലോകകപ്പ് നഷ്ടമാകാനുള്ള സാധ്യത ശക്തമായത്. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിന്റെ നേതൃത്വത്തിലാണ് പുതിയ ലീഗ് രൂപീകരിച്ചത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് യുവേഫ ചാമ്പ്യൻസ് ലീഗിന് ബദലായാണ് സൂപ്പർ ലീഗ് രൂപീകരിച്ചത്.
ഫിഫയും ആറ് കോൺഫെഡറേഷനുകളും പ്രഖ്യാപിച്ചതു പ്രകാരം സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾ ആഭ്യന്തര, യൂറോപ്യൻ, അന്താരാഷ്ട്ര തലങ്ങളിൽ നിന്ന് വിലക്കപ്പെടും. അവരുടെ കളിക്കാർക്ക് അതാത് ദേശീയ ടീമുകളെ പ്രതിനീധികരിക്കാനുള്ള അർഹതയുണ്ടാവില്ലെന്നാണ് യുവേഫയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നത്. സൂപ്പർ ലീഗും യുവേഫയും തമ്മിൽ ധാരണയിൽ എത്തിയില്ലെങ്കിൽ ഖത്തറിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പ് നിരവധി ലോകോത്തര താരങ്ങളുടെ അസാന്നിധ്യം കൊണ്ടാവും ശ്രദ്ധേയമാകുക.
Post Your Comments