പാരീസ്: ചാമ്പ്യൻസ് ലീഗിന് ബദലായി 12 വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൂപ്പർ ലീഗ് വരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സ്പാനിഷ് ലീഗിലെയും ഇറ്റാലിയൻ ലീഗിലെയും പ്രമുഖ ക്ലബ്ബുകളാണ് ഇതിനായി കൈകോർക്കുന്നത്. വമ്പൻ ക്ലബ്ബുകളുടെ നീക്കത്തിനെതിരെ ഫിഫയും യുവേഫയും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി എന്നിവർ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. ലാലിഗയിൽ നിന്ന് ബാഴ്‌സലോണയും റയൽ മാഡ്രിഡും ഇറ്റാലിയൻ ലീഗിൽ നിന്നും ഇന്റർ മിലാനും യുവന്റസും ഉൾപ്പെടെയുള്ള ടീമുകളും സൂപ്പർ ലീഗിനെ പിന്തുണച്ച് രംഗത്തെത്തി. ഫിഫയും യുവേഫയും മുന്നറിയിപ്പ് നൽകിയിട്ടും അവയെല്ലാം അവഗണിച്ചുകൊണ്ടാണ് ടീമുകൾ സൂപ്പർ ലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക നേട്ടം തന്നെയാണ് സൂപ്പർ ലീഗിന്റെ പ്രധാന ലക്ഷ്യം. 20 ടീമുകൾ ലീഗിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയേൺ മ്യൂണിച്ച്, പിഎസ്ജി ഉൾപ്പെടെയുള്ള വമ്പൻ ടീമുകളും ലീഗിലെത്തിയേക്കുമെന്നാണ് സൂചന.
15 പ്രമുഖ ക്ലബ്ബുകൾ ലീഗിൽ സ്ഥിരമായി തുടരും. ബാക്കിയുള്ള അഞ്ച് ടീമുകൾ ഓരോ വർഷവും മാറും. ഈ അഞ്ച് ക്ലബ്ബുകളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം വ്യക്തമായിട്ടില്ല. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് മത്സരിക്കുക. ആദ്യ നാലിൽ എത്തുന്ന ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. ഒരു ടീമിന് കുറഞ്ഞത് 10 മത്സരങ്ങളുണ്ടാകും. ആഭ്യന്തര ലീഗുകളിലെ മത്സരം നഷ്ടമാകാത്ത രീതിയിൽ, ചാമ്പ്യൻസ് ലീഗ് മാതൃകയിലാണ് ഫൈനൽ ഒഴികെയുള്ള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 4.8 ബില്യൺ യുഎസ് ഡോളറാണ് ഇതുവഴി വാർഷിക വരുമാനം പ്രതീക്ഷിക്കുന്നത്.
Post Your Comments