രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. സംസ്ഥാനത്തെ അവസ്ഥയും മറിച്ചല്ല. കേരളത്തിൽ കോഴിക്കോട് ആണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. ദിനംപ്രതി ആയിരം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓരോ ദിവസവും രണ്ടു വാർഡുകൾ വീതമാണ് കോവിഡിന് വേണ്ടി തുറക്കേണ്ടി വരുന്നത്. ഓരോ ദിവസം തുറക്കുന്നത് അന്ന് രാത്രി ആകുമ്പോഴേക്കും നിറയുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്ന് പറയുകയാണ് മെഡിക്കൽ കോളജ് ഡോക്ടറായ ഷമീർ വികെ. ഷമീർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇതുവരെ നമുക്ക് പല പ്രയോറിറ്റികൾ ഉണ്ടായിരുന്നു. നമ്മൾ മത്സരിച്ചു. പരസ്പരം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ മലയാളികൾ ഒരു ആപത്ത് വന്നാൽ ഒറ്റക്കെട്ടാണെന്നല്ലേ? ആപത്ത് ഇതാ വാതിൽക്കൽ എത്തിക്കഴിഞ്ഞു. ഇനി ഒരു അപായ സൂചനക്ക് സമയം ഉണ്ടാവില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓരോ ദിവസവും രണ്ടു വാർഡുകൾ വീതമാണ് കോവിഡിന് വേണ്ടി തുറക്കേണ്ടി വരുന്നത്. അത് ഓക്സിജൻ കുറവുള്ള കോവിഡ് രോഗികൾക്ക് മാത്രം. ഓരോ ദിവസം തുറക്കുന്നത് അന്ന് രാത്രി ആകുമ്പോഴേക്കും നിറയുകയാണ്. ജൂനിയർ ഡോക്ടർമാരും മറ്റു സ്റ്റാഫും നന്നായി വിയർക്കുന്നുണ്ട്. ഐസിയു വേണ്ടവർക്ക് ബെഡ്ഡ് കിട്ടാൻ നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
Also Read:രാഷ്ട്രീയ ക്രിമിനലിസം സിപിഐഎമ്മില്‍ ഉള്ളതായി അറിയില്ല ; ജി സുധാകരന്റെ ആരോപണത്തെ തള്ളി എഎം ആരിഫ്
കോവിഡിനെതിരെ എന്തൊക്കെ ചെയ്യാമെന്ന് നമ്മൾ നന്നായി മനസ്സിലാക്കി. അതെല്ലാം ചെയ്തേ പറ്റൂ. കൂടെ വാക്സിനും. ഒറ്റപ്പെട്ട വാർത്തകൾ കേട്ട് ഭയന്ന് വാക്സിനിൽ നിന്ന് പിന്മാറരുത്. രണ്ടു ഡോസ് വാക്സിൻ എടുത്താൽ അണുബാധ ഉണ്ടായാലും ഗുരുതരമായ രോഗത്തിൽ നിന്നും രക്ഷപ്പെടും എന്ന് തന്നെയാണ് നമ്മുടെ വിശ്വാസം. നല്ല ശതമാനം വാക്സിൻ എടുത്ത ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നല്ല വാർത്തകൾ ആണ് കേൾക്കുന്നത്. അത് ഒരു പ്രതീക്ഷയാണ്. അതിനിടെ വാട്ട്സ് ആപ്പ് മെസ്സേജുകളും പൊടിപൊടിക്കുന്നുണ്ട്. ഇത് പുതിയ തരം വൈറസാണെന്നും ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ പെട്ടെന്ന് ശ്വാസം മുട്ടി മരിക്കുമെന്നുമുള്ള ഒരു ശബ്ദ സന്ദേശം പല തവണ കേട്ടു. വൈറസിൽ മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഈ പറഞ്ഞ പ്രകാരം ലക്ഷണങ്ങളിലോ സങ്കീർണ്ണതകളിലോ കാര്യമായ മാറ്റം കണ്ടിട്ടില്ല. തെറ്റായ സന്ദേശങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുകയും ചെയ്യാം. നമുക്ക് പഴയ പോലെ കൈ കോർത്തേ മതിയാകൂ. ഇനിയും രോഗികളുടെ എണ്ണം കൂടരുത്. ആശുപത്രിയിൽ കട്ടിലും ഓക്സിജനും കിട്ടാതെ ഒരു ജീവനും നമുക്ക് നഷ്ടമാവരുത്.
https://www.facebook.com/shameer.vk.735/posts/3953887814702631
Post Your Comments