അഹമ്മദാബാദ്: രാജ്യത്ത് കോവിഡ് 19ന്‍റെ രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്നതിനിടെ കൊറോണ വൈറസിനെതിരെ മരുന്ന് വികസിപ്പിച്ചതായി അവകാശവാദവുമായി കമ്പനി. ശുക്ല അഷര്‍ ഇംപെക്ട് പ്രൈവറ്റ് ലിമിറ്റഡാണ് മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. റെംഡെസിവിറിനേക്കാള്‍ മൂന്ന് മടങ്ങ് ആയുധ് അഡ്വാന്‍സ് ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെടുന്നു.
21 ഔഷധ സസ്യങ്ങളില്‍നിന്ന് വികസിപ്പിച്ചെടുത്ത ദ്രാവക രൂപത്തിലെ മരുന്നായ ‘ആയുധ് അഡ്വാന്‍സ്’ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചതായാണ് കമ്പനിയുടെ വിലയിരുത്തല്‍. നാളികേരം, ചോളം, കറുവപ്പട്ട, വേപ്പ്, മല്ലി, കരിമ്ബ്, യൂക്കാലിപ്റ്റ്സ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
അഹ്മദാബാദിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുതവണ മനുഷ്യനില്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് മരുന്നിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നാലു ദിവസത്തിനകം കോവിഡ് രോഗികളില്‍ ൈവറസ് സാന്നിധ്യം ഇല്ലാതാക്കും. കൂടാതെ മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കൊറോണ വൈറസ് നെഗറ്റീവാകുന്നതിനൊപ്പം രോഗലക്ഷണങ്ങളായ ഉയര്‍ന്ന ശരീര താപനില, ചുമ, ശ്വാസതടസം എന്നിവക്കും ഫലപ്രദമാണത്രേ.
ചെറിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരില്‍ ‘ആയുധ് അഡ്വാന്‍സ്’ ഫലപ്രദമാണെന്ന് തെളിയിച്ചതായി ‘കണ്ടെംപററി ക്ലിനിക്കല്‍ ട്രയല്‍സ് കമ്യൂണിക്കേഷന്‍’ ലേഖനത്തില്‍ പറയുന്നു. കൂടാതെ ‘ആയുധ് അഡ്വാന്‍സി’ന്‍റെ വിവരങ്ങള്‍ യു.എസ്.എ സര്‍ക്കാറിന്‍റെ നാഷനല്‍ സെന്‍റര്‍ ഫോർ ബയോടെക്നോളജി ഇന്‍ഫർമേഷന്‍ -നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(https://www.ncbi.nlm.nih.gov/pmc/articles/PMC7948525)
ഒക്ടോബര്‍ 20നായിരുന്നു ആദ്യ ക്ലിനിക്കല്‍ പരീക്ഷണം. അഹ്മദാബാദിെല എന്‍.എച്ച്.എല്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളജ്, എസ്.വി.പി.ഐ.എം.എസ്.ആര്‍ എല്ലിസ്ബ്രിഡ്ജ് എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട പരീക്ഷണം. 2021 ജനുവരിയിലായിരുന്നു രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം. ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളജിലായിരുന്നു രണ്ടാംഘട്ട പരീക്ഷണം. രണ്ടു പരീക്ഷണങ്ങളിലും മരുന്ന് ചെറിയ രോഗലക്ഷണങ്ങളിലുള്ളവരില്‍ വിജയകരമായിരുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
Post Your Comments