
തൃശ്ശൂര്‍: ജനങ്ങള്‍ ഇല്ലാതെ തൃശൂര്‍ പൂരം നടത്തുന്നത് എന്തിനാണെന്ന് മുന്‍ സ്പീക്കര്‍ തേറമ്പിൽ രാമകൃഷ്ണന്. പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെ പൂരം പ്രഖ്യാപനം പാടില്ലായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന് പിന്മാറാന് ആവാത്ത സ്ഥിതിയാണ്. പരീക്ഷ മാറ്റുന്നത് പോലെ പൂരം മാറ്റാനാകില്ലെന്നും തേറമ്പിൽ രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
അതേസമയം, പൂരം നടത്തിപ്പിനെതിരെ എതിര്‍പ്പും ശക്തമായിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരം മുന്‍വര്‍ഷത്തെ പോല ചടങ്ങാക്കി നടത്തണമെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രയം. നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരാനിരിക്കയാണ്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്. പൂരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റ പ്രധാന ആരോപണം.
ആനപാപ്പാന്മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കണം. രോഗലക്ഷണമുള്ള പാപ്പാന്മാര്ക്ക് മാത്രം പരിശോധന നടത്തണം. ഒറ്റ ഡോസ് വാക്സീന് എടുത്തവര്‍ക്കും പ്രവേശനം നല്‍കണം എന്നിങ്ങനെയാണ് ദേവസ്വങ്ങളുടെ പ്രധാന ആവശ്യം. പക്ഷേ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നാളെ രാവിലെ പത്തരയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഈ ആവശ്യങ്ങള്‍ അവതരിപ്പിക്കും. പുതിയ നിയമങ്ങള്‍ അടിച്ചേല്പിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ പ്രതീകരിച്ചു.
Post Your Comments