
മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ട്രെയിനുകളിൽ കോവിഡ് രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ റെയിൽവേ തയ്യാറാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ റെയിൽവേയുടെ ഇടപെടൽ.
നന്ദുർബാറിൽ കോവിഡ് ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കിയതിന്റെ ചിത്രങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ജനറൽ കംപാർട്‌മെന്റുകളിലെ ലോവർ ബെർത്തുകളാണ് രോഗികൾക്കായി കിടക്കകളുടെ രൂപത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം നേരിട്ട് തുടങ്ങിയിരുന്നു. പ്രതികൂല സാഹചര്യം മുന്നിൽ കണ്ടാണ് റെയിൽവേ ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കിയിരിക്കുന്നത്.
വേനൽ ചൂടിനെ അതിജീവിക്കാനായി ബോഗികൾക്ക് മുകളിൽ ചാക്കുകൾ നിരത്തിയിട്ടിട്ടുണ്ട്. ഇതിന് പുറമെ എല്ലാ ബോഗികളിലും കോവിഡ് രോഗികൾക്കായി കൂളറും സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്ത് മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലും റെയിൽവേ സഹായവുമായി എത്തിയിരുന്നു. ഓക്‌സിജനുമായി പോകുന്ന ട്രക്കുകൾ ചരക്ക് ട്രെയിനുകളിൽ കയറ്റിയാണ് മുടങ്ങാത്ത ഓക്‌സിജൻ വിതരണം റെയിൽവേ ഉറപ്പുവരുത്തിയത്.
Post Your Comments